ആഭ്യന്തരയുദ്ധമോ സഹവര്‍ത്തിത്വമോ?

അസംബ്ലിയുടെ ഡിസംബര്‍ സമ്മേളനം ആകെമോത്തം സമാധാനപരമായിരുന്നു. സാധാരണ കാണാറുള്ള പ്രതിപക്ഷ വെടിക്കെട്ടൊന്നുമുണ്ടായിരുന്നില്ല. കൈക്കൂലി ഗൂഡാലോചന തിരിച്ചടിച്ചു. കാട്ടാമ്പിള്ളിയില്‍ നിന്ന് ദയനീയമായി പിന്‍വാങ്ങേണ്ടിവന്നു. പ്രതിപക്ഷശരങ്ങളുടെ മുനയൊടിഞ്ഞു. കുറച്ചുകാലത്തേക്ക് അവര്‍ നിശ്ശബ്‌ദരായി, മര്യാദക്കാര്‍ പോലും ആയി.

എന്നാല്‍ ഈ സമ്മേളനവും അതിനു മുമ്പുതന്നെ കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍ കീഴില്‍ നടന്ന കാര്യങ്ങളും കോണ്‍ഗ്രസിനെ ഉത്‌കണ്‌ഠാകുലമാക്കി. അതിപ്രധാനവും പുരോഗമനപരവുമായ പല മാറ്റങ്ങളുടെയും വക്കത്തെത്തി നില്‍ക്കുകയാണ് കേരളം. കുടിയൊഴിപ്പിക്കല്‍ നിരോധനം, ജന്മിക്കരം നിര്‍ത്തലാക്കല്‍, കര്‍ഷകത്തൊഴിലാളികള്‍ക്ക് മിനിമം കൂലി, കാര്‍ഷിക ബന്ധബില്ലില്‍ വിഭാവനം ചെയ്തിട്ടുള്ള അടിസ്ഥാനപരമായ മാറ്റങ്ങള്‍ എല്ലാം കേരളത്തില്‍ നടക്കാന്‍ പോകുന്ന സമഗ്രമായ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിന്റെ കാഹളമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ടിരുന്നവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ തുടങ്ങി. ഓരോ ചെയ്‌തിയും ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ജനവിഭാഗങ്ങളെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനോട് അടുപ്പിക്കുകയായിരുന്നു.

കേരളചരിത്രത്തില്‍ ഇദംപ്രഥമമായി തങ്ങളുടെ കല്‍പനകള്‍ അനുസരിക്കപ്പെടില്ലെന്നും ഭരണകൂടത്തിന്റെ മര്‍ദനസംവിധാനങ്ങള്‍ തങ്ങള്‍ വിളിക്കുന്നിടത്ത് വരില്ലെന്നും പ്രതിലോമകാരികള്‍ കണ്ടു. മാത്രമല്ല, ഒന്നിനൊന്നുപിറകെയായി വന്നുകൊണ്ടിരിക്കുന്ന ഗവണ്മെന്റിന്റെ നയങ്ങളും ചെയ്‌തികളും തങ്ങള്‍ കാലാകാലങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ക്കും സമ്പത്തിനും മേല്‍ കടന്നാക്രമണം നടത്തുകയാണെന്നും അവര്‍ കണ്ടു. ആരെയും ഭയപ്പെടാതെയാണ് ഇതൊക്കെ ചെയ്യുന്നതും. കമ്മ്യൂണിസ്റ്റുകാരുടെ ചെയ്‌തികളെ തടയാനായി പള്ളിയുടെയും ‘ക്രിസ്റ്റഫര്‍’മാരുടെയും സഹായത്തോടെയോ, കൂടുതല്‍ ‘മാന്യ’മായ കോണ്‍ഗ്രസ് പാര്‍ട്ടിയിലൂടെയോ നടത്തിയ ശ്രമങ്ങളെല്ലാം നനഞ്ഞ വെടിമരുന്നുപോലെ ആവുകയും ചെയ്‌തു.

അസഹനീയമായ ഒരവസ്ഥയാണിത്. ഇങ്ങനെ തുടരുന്നത് അനുവദിക്കാനാകില്ല. “കേരളത്തില്‍ സ്‌പെയില്‍ ആവര്‍ത്തിക്കപ്പെടും”. എന്ന് കോണ്‍ഗ്രസ് എം.പി. ആയിരുന്ന മാത്യു മണിയങ്ങാടന്‍ ആക്രോശിച്ചു. തോക്കില്‍ വീണ്ടും മരുന്ന് നിറക്കേണ്ടിയിരിക്കുന്നു. ഈ പുതിയ ആവേശത്തിന്റെ ഉല്‍പ്പന്നമായിരുന്നു ‘ഭഗവാന്‍ മക്രോണി’യെന്ന കഥാപാത്രം. മരച്ചീനിയില്‍ നിന്നുണ്ടാക്കുന്ന മക്കറോണി ഒരു ബദല്‍ ആഹാരമെന്നനിലയ്‌ക്ക് പ്രചരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് നടത്തിയ ശ്രമത്തെ കളിയാക്കുന്ന വൃത്തകെട്ട, തറനിലവാരത്തിലുള്ള ഒരു പാട്ടായിരുന്നു അത്. ഗുവാഹത്തിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനം അംഗീകരിച്ച 12 ഇന പ്രമേയത്തിലെ 9-ാം ഇനം ഇപ്രകാരം പറയുന്നു “ബദല്‍ ഭക്ഷ്യപദാര്‍ഥങ്ങള്‍ വികസിപ്പിക്കാനും സമീകൃതാഹാരം പ്രചരിപ്പിക്കാനും സംഘടിതമായ ശ്രമങ്ങള്‍ നടത്തണം”.

ഏതെങ്കിലും‍ അപവാദങ്ങള്‍ വെണ്ടയ്‌ക്കാ അക്ഷരത്തില്‍ പത്രങ്ങളില്‍ അച്ചടിക്കാതെ ഒരു ദിവസവും കടന്നുപോകില്ല എന്ന അവസ്ഥ വന്നു. ഒരു മന്ത്രി തന്റെ ഭൂസ്വത്ത് നിലനിര്‍ത്താന്‍ തന്റെ മന്ത്രിസ്ഥാനം ഉപയോഗിച്ചു എന്നതാണ് ഒരു ദിവസത്തെ ആരോപണമെങ്കില്‍ മറ്റൊരു ദിവസം പാഠപുസ്തകങ്ങള്‍ അച്ചടിക്കാന്‍ കടലാസ് വാങ്ങിയതിനെക്കുറിച്ചുള്ള കള്ളകഥയായിരിക്കും. ഇനിയുമൊരു ദിവസം തിരുവനന്തപുരം മെഡിക്കല്‍ അസോസിയേഷനെപ്പറ്റിയുണ്ടായ ബഹളമായിരിക്കും. തികഞ്ഞ സത്യസന്ധനും ഒരു തരം അഴിമതിക്കും വശംവദനാകാത്തവനുമായ, ദീര്‍ഘകാല പാരമ്പര്യമുള്ള ഒരു കോണ്‍ഗ്രസുകാരന്‍-ഡോ.എ.ആര്‍.മേനോന്‍-ആയിരുന്നു കേരളത്തിന്റെ ആരോഗ്യമന്ത്രി. കോഴിക്കോട് വച്ച് നടന്ന ഒരു സ്വീകരണ വേളയില്‍ അത്യന്തം വേദനയോടെ അദ്ദേഹം പത്രക്കാരോട് പറഞ്ഞു: “സര്‍,പകല്‍ നിങ്ങള്‍ നുണകള്‍ ഉണ്ടാക്കുന്നു, രാത്രി അതെഴുതുന്നു. കാലത്ത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നു. എന്നിട്ട് നിങ്ങളതിനെ വര്‍ത്തമാനപ്പത്രം എന്ന് വിളിക്കുന്നു!”.

കമ്മ്യൂണിസ്റ്റ് സെല്‍ ഭരണത്തിന്റെ ‘അതിക്രമ’ങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കാകട്ടെ അവസാനമില്ലായിരുന്നു. ദിനപ്പത്രങ്ങളിലൂടെ മാത്രം കേരളത്തെ അറിയുന്ന ഒരാള്‍, താന്‍ വീട്ടിനുപുറത്തേക്കു കാലെടുത്തു വെച്ചാല്‍ ഏതെങ്കിലും ഒരു കമ്മ്യൂണിസ്റ്റ് സെല്‍ കോടതിയില്‍ അകപ്പെടുമെന്നും തന്റെ മാനത്തിനും സുരക്ഷയ്‌ക്കും ഒരു ഉറപ്പുമില്ലെന്നും ഭയപ്പെട്ടാല്‍ അതില്‍ അത്ഭുതമില്ല.

ഗവണ്മെന്റ് അപ്പഴപ്പോള്‍ തന്നെ ഈ അപവാദങ്ങളെ നിഷേധിച്ചിരുന്നു. അവയെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്ന് വസ്‌തുതകളുടെ വെളിച്ചത്തില്‍ തെളിയിച്ചിരുന്നു. എന്നാല്‍ അപവാദപ്രചാരണം തുടര്‍ന്നുകൊണ്ടേയിരുന്നു. കണ്ണുതുറക്കാന്‍ കൂട്ടാക്കാത്തവനെ ഒന്നും കാണിക്കാന്‍ കഴിയില്ല. പക്ഷെ മലയാളികള്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടിരുന്നു: അഴിമതിക്ക് വശംവദമാകാത്ത ഒരു മന്ത്രിസഭ തങ്ങള്‍ക്ക് ആദ്യമായി കിട്ടിയിരിക്കയാണ്. ഒന്നും ചെയ്യാന്‍ കഴിയാനാകാതെ അപവാദപ്രചാരണക്കാര്‍ ധര്‍മസങ്കടത്തിലായി.

‘സെല്‍ഭരണ’ ഭീഷണിയെക്കുറിച്ചും അരക്ഷിതത്വത്തെക്കുറിച്ചുമുള്ള ആരോപണത്തിന്റെ കാര്യത്തില്‍, യൂണിയന്‍ ഡെപ്യൂട്ടി ആഭ്യന്തരമന്ത്രി ശ്രീമതി.വയലറ്റ് ആള്‍വയുടെ സന്ദര്‍ശനം രസാവഹമായ ഒരു വിവരണം നല്‍കുന്നു. കേരളത്തില്‍ എവിടെയെങ്കിലും അരക്ഷിതത്വവും നിയമരാഹിത്യവും അനുഭവപ്പെട്ടുവോ എന്ന് തിരുവനന്തപുരത്തെ ചില പത്രക്കാര്‍ അവരോട് ചോദിച്ചപ്പോള്‍ തുറന്ന സത്യസന്ധതയോടെ അവര്‍ മറുപടി പറഞ്ഞു: “തിരുവനന്തപുരം വരെ ഞാന്‍ കാറിലാണ് സഞ്ചരിച്ചത്. ഞാനിവിടെ സുരക്ഷിതയായി എത്തി, നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നു. കാണുന്നില്ലേ?”

1958 ജനുവരി 26 ഐക്യകേരളത്തിന്റെ ആദ്യത്തെ റിപ്പബ്ലിക് ദിനം. തിരുവനന്തപുരം നഗരത്തിലാകെ ഒരു ഉത്സവത്തിന്റെ പ്രതീതിയായിരുന്നു. അന്ന് വൈകുന്നേരം നടന്ന റിപ്പബ്ലിക് ദിന ഘോഷയാത്ര അദ്വിതീയവും കേരളം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തിലുള്ളതും ആയിരുന്നു. സ്റ്റേഡിയത്തില്‍ വമ്പിച്ച ഒരു ജനാവലിയുടെ മുമ്പില്‍ മുഖ്യമന്ത്രി അന്തരിച്ച രാമകൃഷ്ണപിള്ളയെ(സ്വദേശാഭിമാനി)അനുസ്മരിച്ചു സംസാരിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്‌തു. അദ്ദേഹം പറഞ്ഞു:

“ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം നേടുമെന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാം എടുത്ത തീരുമാനത്തിന്റെ 28-ാം വാര്‍ഷികമാണ് നാം ആഘോഷിക്കുന്നത്. പൂര്‍ണ സ്വാതന്ത്ര്യം നേടിയശേഷം ജനാധിപത്യ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ നാം നടപ്പാക്കിയ ഭരണഘടനയുടെ 8ാംവാര്‍ഷികം കൂടിയാണിത്. പൂര്‍ണ്ണ സ്വാതന്ത്ര്യത്തിനുവേണ്ടിയും ജനാധിപത്യപരമായ ഭരണഘടന ഉണ്ടാക്കുന്നതിനുവേണ്ടിയും സമരം ചെയ്‌ത ജനസമൂഹത്തെ സ്മരിച്ചുകൊണ്ട് തലകുനിക്കുകയെന്നത് സ്വാഭാവികമാണ് സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടി മരണം വരിച്ച രക്തസാക്ഷികളോടുള്ള ആദരവും അര്‍പ്പിക്കുന്നു.”

“എണ്ണമറ്റ ധീരദേശാഭിമാനികളുടെ നിസ്വാര്‍ത്ഥ പ്രയത്നത്തിന്റെ ഫലമായി നാം കൈവരിച്ച ഈ റിപ്പബ്ലിക്കന്‍ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമെന്നും അതിനെ സംരക്ഷിക്കുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സോഷ്യലിസത്തില്‍ അധിഷ്‌ഠിതമായ പുതിയൊരു സമൂഹം കെട്ടിപ്പടുക്കുമെന്നും നമ്മളിതാ പ്രതിജ്ഞ ചെയ്യുന്നു”.

“ഈ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ വേളയില്‍ ദേശീയ സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസ്റ്റ് സമൂഹക്രമവും നേടുന്നതിനു വേണ്ടി നാം നടത്തിയ പരിശ്രമങ്ങള്‍ ഓര്‍ക്കുന്നതിനും ഒപ്പം കേരളത്തിലെ ജനങ്ങള്‍ക്ക് ഊഷ്‌മളമായ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നതിനും ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി ഊര്‍ജസ്വലതയോടേയും അനവരതമായും പ്രയത്നിക്കുന്നതിന് അവരോട് അഭ്യര്‍ത്ഥിക്കുന്നതിനും ഞാന്‍ ഈ സന്ദര്‍ഭം ഉപയോഗിക്കുന്നു.”

അങ്ങനെ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ സാര്‍ഥവാഹകസംഘം മുന്നോട്ട് നീങ്ങിക്കൊണ്ടേയിരുന്നു. അതിനെ തടഞ്ഞുനിര്‍ത്താന്‍ അപവാദശരങ്ങള്‍ക്ക് കഴിയുന്നില്ല. മറിച്ചിടാനുള്ള കുതന്ത്രങ്ങള്‍ സുലഭമായി പരീക്ഷിക്കുന്നുണ്ട്. പണിമുടക്കുകളും സത്യാഗ്രഹങ്ങളും ദിവസ സംഭവങ്ങളായിത്തീര്‍ന്നിരിക്കുന്നു. തിരുവനന്തപുരം സെക്രട്ടേറിയറ്റിനു മുമ്പില്‍ ‘മരണം വരെ നിരാഹാരം’ കിടക്കുന്ന ഒരാളല്ലെങ്കില്‍ മറ്റൊരാള്‍ എന്നും ഉണ്ടായിരിക്കും. ക്ഷമകെടുമ്പോള്‍ അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും. കലാപവും കൊള്ളയും കൊലപാതകവും സംഘടിപ്പിക്കപ്പെടുന്നു. കുഴപ്പങ്ങള്‍ ഉണ്ടാക്കാനായി ഗുണ്ടകളെയും ക്രിസ്റ്റഫര്‍മാരേയും ക്ഷണിക്കുന്നു. നിവൃത്തിയില്ലാതെ വരുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ സ്വയം പ്രതിരോധിക്കാന്‍ നിര്‍ബന്ധിതരാകുന്നു. സ്വാഭാവികമായും അപ്പോള്‍ എതിരാളികള്‍ക്കും വല്ലതും പറ്റുും. എന്നാല്‍ ഏറിയ പങ്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമാണ് കൂടുതല്‍ ഉപദ്രവങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള സ്റ്റേറ്റ് കമ്മിറ്റി സെക്രട്ടറി, സഹിക്കാനാവാതെ വന്നപ്പോള്‍ പറഞ്ഞു: “അധികാരം ഏറ്റെടുക്കേണ്ടായിരുന്നു എന്നുവരെ പലപ്പോഴും തോന്നാറുണ്ട്. കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ ഞങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്ന അക്രമങ്ങള്‍ക്ക് അതിരില്ല. ഞങ്ങളുടെയും ഞങ്ങളെ പിന്തുണയ്‌ക്കുന്ന അധ്വാനിക്കുന്ന ജനങ്ങളുടെയും നേരെ എത്രയേറെ വധശ്രമങ്ങളാണ് നടന്നിട്ടുള്ളത്! എത്രപേരാണ് കൊല ചെയ്യപ്പെട്ടിടിടുള്ളത്!”

കമ്മ്യൂണിസ്റ്റ് കേഡര്‍മാരുടെ നേരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തന്നെ അര്‍ധസത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റുകാര്‍ അക്രമം അഴിച്ചുവിട്ടിരിക്കയാണ് എന്ന പ്രതീതി ജനിപ്പിക്കുവാന്‍ സംഘടിതമായ ശ്രമം നടന്നുകൊണ്ടിരിക്കയാണ്.

അസംബ്ലിയുടെ രണ്ടാം ബജറ്റ് സമ്മേളനം 1958 ഫെബ്രുവരി 24 ന് ഗവര്‍ണറുടെ പ്രസംഗത്തോടെ ആരംഭിച്ചു. കേരള ഗവണ്മെന്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ സംക്ഷിപ്തവിവരണവും ഭാവി പ്രവര്‍ത്തനത്തിന്റെ സാമാന്യമായ ദിശയും ആണതില്‍ അടങ്ങിയിട്ടുള്ളത്. അതുതന്നെ-രണ്ടാമതൊരു ബജറ്റ് അവതരിപ്പിക്കാന്‍ ഒരു കേരള മന്ത്രിസഭയ്‌ക്ക് കഴിയുകയെന്നത് തന്നെ-അസാധാരണമായിരുന്നു. കഴിഞ്ഞ 10 കൊല്ലത്തിനുള്ളില്‍, അന്തരിച്ച എ.ജെ.ജോണിന്റെ മന്ത്രിസഭയ്ക്കുമാത്രമേ രണ്ടാമതൊരു ബജറ്റ് അവതരിപ്പിക്കാന്‍ ഭാഗ്യമുണ്ടായിട്ടുള്ളു.

പ്രതിപക്ഷ നേതാക്കള്‍ക്ക് ഇത് സഹിക്കാന്‍ പറ്റുമായിരുന്നില്ല. രംഗം ചൂടാക്കാന്‍ അവര്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ ഉന്നത തലങ്ങളിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രേരണയും കേരളത്തിലെ സ്ഥാപിത താല്‍പര്യക്കാരുടെ സമ്മര്‍ദവും മൂലം കോണ്‍ഗ്രസിലെ ചികിണികളും മുങ്ങിക്കൊണ്ടിരിക്കുന്ന പിഎസ്‌പിക്കാരും കൂടി ഒരു ഐക്യജനാധിപത്യക്കോലം ഉണ്ടാക്കി. ഗവണ്മെന്റിന്റെ തുറന്ന നയങ്ങള്‍, പ്രത്യേകിച്ചും കാര്‍ഷിക ബന്ധബില്‍, മുസ്ലീം സ്ഥാപിത താല്‍പര്യങ്ങളെ അസ്വസ്ഥമാക്കി. അവരും ഈ ജനാധിപത്യക്കോലം കെട്ടി. വടക്കന്‍ മലബാറിലെ കന്നഡ പ്രദേശത്തെ വിമത കോണ്‍ഗ്രസുകാരനായ ഒരേ ഒരു സ്വതന്ത്രനെ തങ്ങളുടെ കൂടെ ചേരാല്‍ നിര്‍ബന്ധിച്ചു. അതുവരെ അയാള്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് പന്തുണ നല്‍കിയിരുന്നു.

ഭീകരമായ ഒരു കടന്നാക്രമണത്തിന് പ്രതിപക്ഷം തയ്യാറെടുത്തിരുന്നു. നടത്തുകയും ചെയ്തു. ബജറ്റ് സമ്മേളനം തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍, എറണാകുളത്ത് വെച്ച് ബസ് കണ്ടക്ടര്‍മാരും വിദ്യാര്‍ത്ഥികളും തമ്മില്‍ ദൌര്‍ഭാഗ്യകരമായ ഒരു വഴക്ക് ആരംഭിച്ചു. ഹര്‍ത്താലും പ്രകടനങ്ങളും നടന്നു. അസംബ്ലിയില്‍ ഒച്ചപ്പാടായി. കുത്തിത്തിരിപ്പുകാരുടെ ഇരയായിത്തീരരുതെന്ന് നിയമമന്ത്രി കുട്ടികളെ ഉപദേശിച്ചു. പക്ഷെ അവര്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെ വിദ്യാര്‍ത്ഥികളെ ഇളക്കിവിടുകയായിരുന്നു. എന്നാല്‍, സമയത്ത് ഗവണ്മെന്റ് ഇടപെട്ടതിനാല്‍ ലഹള അധികം പരന്നില്ല. കുട്ടികളെ വീണ്ടും ഇളക്കിവിടാനുള്ള കോണ്‍ഗ്രസ്-പി.എസ്.പി. ശ്രമം ഫലിച്ചില്ല.

പ്രതിപക്ഷത്തിന്റെ ലക്ഷ്യം രചനാത്മകമായിരുന്നില്ല, മന്ത്രിസഭയെ താഴെയിറക്കുക എന്നത് മാത്രമായിരുന്നു അവരുടെ ലക്ഷ്യം. അക്രമരാഹിത്യത്തിന്റെ വക്താക്കളായ കോണ്‍ഗ്രസുകാര്‍ മാര്‍ച്ച് മാസത്തില്‍ സംസ്ഥാന നിയമസഭയില്‍ ചെയ്ത പ്രസംഗങ്ങളുടെ ചില സാമ്പിളുകള്‍ ഇതാ. എല്ലാം തന്നെ കേരള മെയില്‍ എന്ന പത്രത്തില്‍ നിന്നെടുത്തതാണ്. അതിന്റെ എഡിറ്റര്‍ മുതിര്‍ന്ന ഒരു ഐഎല്‍ടിയുസി നേതാവും എഐസിസി അംഗവും ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തെ പ്രതിനിധീകരിക്കാനായി ഇന്ത്യാ ഗവണ്മെന്റ് ജനീവയിലേക്ക് അയച്ച ആളും ആയിരുന്നു.

കോണ്‍ഗ്രസുകാരനായ ഗോപിനാഥ പിള്ള പറഞ്ഞു: “ഈ രാജ്യം വൃത്തികേടാക്കുന്ന 11 മന്ത്രിമാരുണ്ട്. ഈ വൃത്തികെട്ട കൂട്ടത്തിനെകൊണ്ട് എന്ത് ഉപയോഗമാണുള്ളത്? തെരുവുതൊണ്ടികളും ക്രിമിനലുകളുമായ ഈ കമ്മ്യൂണിസ്റ്റുകാര്‍ ചീഞ്ഞുനാറുന്ന ശവത്തിനു മുകളില്‍ കഴുകന്‍മാരെപ്പോലെ വട്ടമിട്ടുപറക്കുകയാണ്. ഈ രാജ്യദ്രോഹികളുടെ തന്ത്രങ്ങള്‍ നമുക്കറിയാം.. നമ്മുടെ വോട്ടു വാങ്ങി ഓടിരക്ഷപെടാമെന്നാണ് ഈ റഷ്യന്‍ കരടികള്‍ കരുതുന്നത്. ഈ ക്രിമിനലുകള്‍ മൂഢസ്വര്‍ഗത്തിലാണ് ജീവിക്കുന്നത്.(മാര്‍ച്ച് 23,1958)

മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എ ആയ എം.എം.മത്തായി: “നമുക്ക് രാജ്യത്ത് ഒരു നിയമമന്ത്രിയുണ്ട്. ചോറും കറിയും കഴിക്കുമ്പോഴും അദ്ദേഹം ക്രിസ്റ്റഫര്‍മാരെയാണ് കാണുന്നത്. പരിഭ്രമിച്ച് ഊണ് കഴിഞ്ഞെഴുന്നേല്‍ക്കുമ്പോഴും അദ്ദേഹം ക്രിസ്റ്റഫര്‍മാരെ കാണുന്നു. അയാളുടെ തലയ്‌ക്കെന്തോ അസുഖമുണ്ട്. അയാളുടെ തലയില്‍ നെല്ലിക്കാത്തളം കെട്ടണം. അല്ലെങ്കില്‍ അയാളെ ഭ്രാന്താശുപത്രിയിലേക്ക് അയക്കണം….(മാര്‍ച്ച് 30,1958)

മറ്റൊരു കോണ്‍ഗ്രസുകാരനായ എന്‍.നാരായണപിള്ള, പ്രസിഡന്റ് ഭരണത്തിന്‍കീഴിലാണ് തെരഞ്ഞെടുപ്പ് നടന്നതെന്നും അത് സമാധാനപരവും നീതിയുക്തവും ആയിരുന്നു എന്നുമുള്ള വസ്‌തുതകള്‍ മറന്ന് ഉദ്‌ഘോഷിച്ചു: “അധികാരത്തിലേക്കുള്ള യാത്രാമാര്‍ഗത്തിലെല്ലായിടത്തും ശവങ്ങള്‍ ചിതറിക്കിടന്നിരുന്നു.” അദ്ദേഹം തുടര്‍ന്നു: “ഇതാ നോക്കൂ, ഒരു തൊഴില്‍ മന്ത്രിയുണ്ട് നമുക്ക്. അദ്ദേഹത്തിന്റെ നേതൃത്വത്തിലല്ലേ ഈ പിടിച്ചുപറികളും കൊലപാതകങ്ങളും എല്ലാം നടക്കുന്നത്?”

ഇതാ വേറൊന്ന്. കോണ്‍ഗ്രസിന്റെ തന്നെ എം.എല്‍.എ ആയ കെ.ടി.തോമസില്‍ നിന്ന്: “നമ്മുടെ പോലീസ് മന്ത്രിയെക്കുറിച്ചും എനിക്ക് ചിലത് പറയാനുണ്ട്. ഞാന്‍ ചോദിക്കട്ടെ, ഈ ഭൂലോകത്ത് എവിടെയെങ്കിലും ഇത്രയധികം കള്ളങ്ങളും കൊള്ളരുതായ്‌മകളും വിളമ്പുന്ന മറ്റൊരു മന്ത്രിയുണ്ടോ? വായില്‍ ഒന്നുമില്ലാതെ തന്നെ സദാ ചവച്ചുകൊണ്ടിരിക്കുന്ന ഒരു കിഴവി! മധുരമുള്ള എന്തെങ്കിലും നുണയാന്‍ കിട്ടിയാലോ അവള്‍ക്കത് എത്ര സന്തോഷമായിരിക്കും. ഞാന്‍ പറയുന്നു സുഹൃത്തുക്കളെ, ഇത്തരക്കാരെ സൂക്ഷിക്കണം…അവര്‍ രാജ്യത്തെ ഒറ്റിക്കൊടുക്കും…”(മാര്‍ച്ച് 30,1958)

അക്രമരാഹിത്യത്തില്‍ ആണയിടുന്ന കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തുറന്നുതന്നെ അക്രമത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങിയിരിക്കുന്നു.’തിരിച്ചടിക്കും’ എന്നു ഭീഷണിപ്പെടുത്താന്‍ തുടങ്ങിയിരിക്കുന്നു. എഐസിസി മീറ്റിങ്ങുകളിലും കോണ്‍ഗ്രസ് യോഗങ്ങളിലും ഉച്ചത്തില്‍ അര്‍ഥമില്ലാത്ത നെടുങ്കന്‍ പ്രസംഗങ്ങള്‍ ചെയ്യാറുള്ള ഒരു ഐഎന്‍ടിയുസി നേതാവാണ് സി.എം.സ്റ്റീഫന്‍. മാര്‍ച്ച് 22ന് കൊല്ലത്തു വെച്ച് ഇറക്കിയ ഒരു പ്രസ്താവനയില്‍ അയാള്‍ പറഞ്ഞു: “സഹിക്കാവുന്നത്ര ഞങ്ങള്‍ സഹിച്ചു… കാക്കത്തൊള്ളായിരം തവണ ഞങ്ങള്‍ ക്ഷമിച്ചതാണ്. ഞങ്ങളും മനുഷ്യരാണ്. തിരിച്ചടിക്കാന്‍ തീരുമാനിച്ചാല്‍ അത് കനത്തതായിരിക്കും… അക്രമത്തിനു വിധേയരായവര്‍ക്കും വേദനയും വികാരങ്ങളും ഉണ്ടായിരിക്കും. ജീവിക്കാന്‍ ആഗ്രഹമുണ്ടായിരിക്കും. ആത്മരക്ഷക്കായി അവര്‍ ചില തീരുമാനങ്ങള്‍ എടുത്തെന്നുവന്നേക്കും. അനന്തരഫലങ്ങള്‍ ഭയാനകമായിരിക്കും.”

മുകളില്‍ കൊടുത്ത ഭീഷണി അവര്‍ യഥാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തുയായിരുന്നു. കോണ്‍ഗ്രസിന്റെയും പിഎസ്‌പിയുടെയും രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണയോടെയും ചിലപ്പോള്‍ അവരില്‍ ചിലരുടെയും ക്രിസ്റ്റഫര്‍മാരുടെയും സജീവപങ്കാളിത്തത്തോടെയും ഭൂവുടമകള്‍ ഒന്നിനുപിറകെ ഒന്നായി കമ്മ്യൂണിസ്റ്റുകാരുടെയും അവരെ പിന്താങ്ങുന്ന അധ്വാനിക്കുന്ന ജനങ്ങളുടെയും മേല്‍ ആക്രമണങ്ങള്‍ നടത്തി. നിരണത്ത് ഭൂപ്രഭുക്കള്‍ സംഘടിപ്പിച്ച സായുധരായ ‘സ്വയംപ്രതിരോധ സ്‌ക്വാഡുകള്‍’ പണിമുടക്കുന്ന കര്‍ഷകത്തൊഴിലാളികളുടെ വീടുകള്‍ രാത്രിയില്‍ കടന്നാക്രമിച്ചു. പുരുഷന്മാരേയും സ്ത്രീകളേയും കുട്ടികളേയും മര്‍ദ്ദിച്ചവശരാക്കി. അടുത്തദിവസവും ഇത് തുടര്‍ന്നു. ഒരു കര്‍ഷകത്തൊഴിലാളി കൊല്ലപ്പെട്ടു. മീന്‍ പിടിത്തത്തെ ചൊല്ലി മുക്കുവന്മാരും ഭൂവുടമകളും തമ്മില്‍ ചേര്‍ത്തലയില്‍ ഉണ്ടായ ഒരു തര്‍ക്കം നീതിപൂര്‍വവും സമാധാനപരവുമായ ഒത്തുതീര്‍പ്പില്‍ എത്തുന്നതിനെ കോണ്‍ഗ്രസുകാരും ഐഎന്‍ടിയുസിക്കാരും കൂടി തടസ്സപ്പെടുത്തി. ഭൂവുടമകളുടെ സായുധധാരികളായ എഴുനൂറില്‍പ്പരം ഗുണ്ടകളുടെ പില്‍ബലത്തോടെയാണവര്‍ ഇത് ചെയ്തത്. ഗുരുതരമായ ഒരു അവസ്ഥ അവിടെ സംജാതമായി.

അടൂരില്‍ തോട്ടം തൊഴിലാളികളെ ഗുണ്ടകള്‍ ആക്രമിച്ചു. കോണ്‍ഗ്രസ് യോഗങ്ങളില്‍ ‘ഭഗവാന്‍ മക്രോണി’യെന്ന കഥാപ്രസംഗം നടത്താറുള്ള രാജനെ, വള്ളികുന്നത്ത് ഉണ്ടായ ഒരു തര്‍ക്കത്തില്‍ വെച്ച് ചില ആളുകള്‍ അടിച്ചു. അവര്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. പ്രതികാരമെന്ന നിലയ്ക് കമ്മ്യൂണിസ്റ്റ് എം.എല്‍.എ ആയ തോപ്പില്‍ ഭാസിയുടെ മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചു. അതിനീചമായ ഒരു പ്രവൃത്തി ആയിരുന്നു ഇത്. അര്‍ധരാത്രിക്ക് ഈ ശ്രമം നടന്ന സമയത്ത് കുഞ്ഞ് അമ്മയോടൊപ്പം ഉറങ്ങുകയായിരുന്നു. അതിന്റെ കരച്ചില്‍ അമ്മയെ ഉണര്‍ത്തി. അവര്‍ നിലവിളിച്ചുകൊണ്ട് ഓടിയപ്പോള്‍ മോഹാലസ്യപ്പെട്ടു വീണു. ബഹളം നാട്ടുകാരെ ഉണര്‍ത്തി. ഗുണ്ടകള്‍ കുട്ടിയെ അടുത്തുള്ള വയലില്‍ വലിച്ചെറിഞ്ഞ് ഓടി രക്ഷപ്പെട്ടു.

ക്രിസ്റ്റഫര്‍മാരുടെ ശക്തിദുര്‍ഗമാണ് കോട്ടയം ജില്ല. കൂട്ടത്തോടെ രംഗത്തിറങ്ങി കുടിച്ച് സംഘം ചേര്‍ന്ന് വടിവാളുമെടുത്ത് വഴിയില്‍ കണ്ട തെങ്ങിന്‍പട്ടകളും തെങ്ങിന്‍തൈകള്‍ തന്നെയും വെട്ടി വീഴ്‌ത്തിക്കൊണ്ട് അവര്‍ നാട് നിരങ്ങി. ജന്മിമാര്‍ക്കുവേണ്ടി കുടിയാന്മാരെ അവരുടെ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കുകയെന്നത് ക്രിസ്റ്റഫര്‍മാരുടെ ഒരു സ്ഥിരം തൊഴിലായി മാറി. കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടുകള്‍ ഇതിനെയെല്ലാം പ്രത്യക്ഷമായോ പരോക്ഷമായോ പ്രോത്സാഹിപ്പിച്ചു.

മാര്‍ച്ച് അവസാനവാരമായപ്പോഴേക്കും പുതിയ ചലനങ്ങള്‍ പ്രകടമാകാന്‍ തുടങ്ങി. മാര്‍ച്ച് 24ന് അസംബ്ലിയില്‍ ഒരു ഗ്രാന്റിന് വോട്ടെടുപ്പ് നടന്നപ്പോള്‍ ഭരണപക്ഷത്തിന് അഞ്ചുവോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്. എപ്പോഴും ഭരണപക്ഷത്തിന് വോട്ടുചെയ്തിരുന്ന ഒരു സ്വതന്ത്ര എം.എല്‍.എ പ്രതിപക്ഷത്തിന്റെ കൂടെ കൂടി. നോമിനേറ്റ് ചെയ്ത അംഗവും അവരുടെ കൂടെ കൂടി. അങ്ങനെ മാര്‍ച്ച് 25ന് നടന്ന മറ്റൊരു വോട്ടെടുപ്പില്‍ ഭൂരിപക്ഷം മൂന്നായി കുറഞ്ഞു. മാര്‍ച്ച് 28 ആയപ്പോഴേക്കും സംഗതി ഉച്ചകോടിയില്‍ എത്തി. പ്രതിപക്ഷം അതിന് സാധ്യമായ സര്‍വശക്തിയും സംഭരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചാലക്കുടി.പി.എസ്.പി എംഎല്‍എ സി.ജനാര്‍ദ്ദനന്റെ തെരഞ്ഞെടുപ്പ് റദ്ദക്കിയിരുന്നു. അതിന് താല്‍ക്കാലിക സ്റ്റേ ലഭിച്ചതിനാല്‍ ജനാര്‍ദ്ദനനും അസംബ്ലിയില്‍ ഉണ്ടായിരുന്നു. അങ്ങനെ പ്രതിപക്ഷത്തിന്റെ ശക്തി അതിന്റെ പരമകാഷ്ഠയില്‍ എത്തിയിരുന്നു. ദൈവം അവരുടെ ഭാഗത്താണ് എന്ന് തോന്നിക്കുമാറ്, കണ്ണൂരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി.കണ്ണന്റെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തുകൊണ്ട് നല്‍കിയ ഹര്‍ജിയിലുള്ള വിധി അന്നു ഹൈക്കോടതിയില്‍ നിന്ന് വരാനിരിക്കുകയാണ്. കണ്ണന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കപ്പെടും എന്നവര്‍ കഠിനമായി പ്രതീക്ഷിച്ചു

ഇതെല്ലാം കൂടി പ്രതിപക്ഷത്തിന്റെ പ്രതീക്ഷ അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയിരുന്നു. മൂന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും കൂടി–കോണ്‍ഗ്രസിനും പി.എസ്‌.പിക്കും മുസ്ലീം ലീഗിനും കൂടി–60 അംഗങ്ങള്‍ ഉണ്ടായിരുന്നു. സ്വതന്ത്രനും നോമിനേറ്റഡ് അംഗവും അവരുടെ കൂടെ ചേരുമ്പോള്‍ ഇത് 62 ആയി ഉയരുന്നു. ആകെ 127 അംഗങ്ങളാണുള്ളത്. റോസമ്മ പുന്നൂസിന്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് എംഎല്‍എ സ്പീക്കറായും പോയി. അങ്ങനെ ഭരണ പക്ഷത്തിന്റെ അംഗസംഖ്യ 63 മാത്രം ആയിരുന്നു. പ്രതീക്ഷിച്ചപോലെ കണ്ണന്‍ കൂടി പുറത്താവുകയാണെങ്കില്‍ കമ്മ്യൂണിസ്റ്റുകാരുടെ പരമാവധി ശക്തി 62 ആയി കുറയും. പ്രതിപക്ഷത്തിന്റേതിന് തുല്യം. സാധാരണ വോട്ടിങ്ങുകളില്‍ സ്പീക്കറുടെ കാസ്റ്റിംഗ് വോട്ടിലൂടെ ഭരണപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കും. എന്നാല്‍ ബജറ്റ് ഡിമാന്റിന്റെ കാര്യത്തില്‍ സ്പീക്കര്‍ക്ക് ഈ അവകാശം ഇല്ല.

മാര്‍ച്ച് 28ലെ വോട്ടെടുപ്പ് ഒരു ബജറ്റ് ഡിമാന്റിന്റെ കാര്യത്തിലായിരുന്നു. ആ ദുര്‍ദിനം കമ്മ്യൂണിസറ്റ് മന്ത്രിസഭയുടെ അന്ത്യം കുറിക്കും എന്നായിരുന്നു അവരുടെ പ്രതീക്ഷ. പ്രതിപക്ഷം ഒരു ആഘോഷത്തിന്റെ മൂഡിലായിരുന്നു. തിരുവനന്തപുരം നഗരം തോട്ടമുടമകളുടെ കാറുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. അതേ, പ്രതീക്ഷകള്‍ ഹിമാലയത്തോളം വളര്‍ന്നിരുന്നു.

പക്ഷേ, ദൈവം കോണ്‍ഗ്രസുകാരെ അനുഗ്രഹിച്ചില്ല. ജനാധിപത്യക്കോലങ്ങളെ അനുഗ്രഹിച്ചില്ല, മറിച്ച് ദൈവവിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാരെയാണ് അനുഗ്രഹിച്ചത്. ഹൈക്കോടതി കണ്ണന്റെ തെരഞ്ഞെടുപ്പ് സാധുവാ​ന്ന് വിധി കല്‍പ്പിച്ചു. ഈ വാര്‍ത്ത അതിവേഗം തിരുവനന്തപുരത്തെത്തി. പ്രതിപക്ഷം ഭഗ്നാശരായി. വോട്ടെടുപ്പ് നടന്നു. പക്ഷെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തോടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അതിജീവിച്ചു. ചാക്കോയും താണുപിള്ളയും ഏറെ ദുഖിതരായി കാണപ്പെട്ടു. തോട്ടമുടമകളും ദുഖിതരായിരുന്നു. ഉച്ചഭക്ഷണത്തിനു മുമ്പുതന്നെ അവരുടെ കാറുകള്‍ ഹൈറേ‍ഞ്ചിലുള്ള എസ്റ്റേറ്റുകളിലേക്ക് തിരിച്ചുപായാന്‍ തുടങ്ങി.

പട്ടം താണുപിള്ള ഏറെ കോപാകുലനായി. അതു മനസ്സിലാക്കാവുന്നതേയുള്ളു. മുങ്ങിക്കൊണ്ടിരുന്ന പിഎസ്‌പി കപ്പലിന്റെ വയസ്സനായ ആ കപ്പിത്താന്‍ അസംബ്ലിയില്‍ ദ്വേഷ്യത്തോടെ കുരച്ചു:”ഈ ഗവണ്മെന്റ് അക്രമം കുത്തിപ്പൊക്കുകയാെണന്ന് ഞാന്‍ ആരോപിക്കുകയാണ്. ഇത് കടുത്ത അപരാധമാണ്. ഇതിന്റെ പിന്നില്‍ മന്ത്രിമാരാണെന്ന് തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്. അധികാരത്തിലേറുന്നതിന് മുമ്പും അവര്‍ അക്രമങ്ങളിലേര്‍പ്പെട്ടിരുന്നു. ഭരണഘടനയുടെ പരിധിക്കുള്ളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് തന്നെ അവര്‍ തങ്ങളുടെ പഴയശീലങ്ങള്‍ തുടരുകയാണ്.”

നിയമവാഴ്ച തകര്‍ന്നെന്ന പഴയ പല്ലവി പാടിക്കൊണ്ട് കോണ്‍ഗ്രസ് നേതാവായ പി.ടി.ചാക്കൊ പറഞ്ഞു: “ഒരു കാലമുണ്ടായിരുന്നു, മാപ്പിളമാര്‍ പടിക്കലെത്തിയെന്ന് കേള്‍ക്കുമ്പോള്‍ ആളുകള്‍ പേടിച്ചിരുന്ന കാലം. ഒരു കാലമുണ്ടായിരുന്നു, പാണ്ടിപ്പട നാട് കുട്ടിച്ചോറാക്കുമെന്ന് പേടിച്ചിരുന്ന കാലം. ഇപ്പോഴിത് കമ്മ്യൂണിസ്റ്റുകാരുടെ കാലമാണ്….അവര്‍ ഒരു രഹസ്യപ്പട്ടാളമായി മാറിയിരിക്കുന്നു.”

ചാക്കൊവിന്റെ പ്രസംഗം കേട്ടുകൊണ്ടിരുന്ന നിയമസഭാസാമാജികര്‍ക്ക് ഈ നാടകത്തിന്റെ അര്‍ത്ഥം ആദ്യം മനസ്സിലായില്ല. പക്ഷെ, മുമ്പുയര്‍ത്തിയ “തിരിച്ചടിക്കും” എന്ന ഭീഷണി തന്നെ ആയിരുന്നു; കലാപത്തിനുള്ള കാഹളമായിരുന്നു അത്. ഏറെ വ്യഭിചരിക്കപ്പെട്ട ഒരു പദമാണ് ‘സ്വയംരക്ഷ’ എന്നത്. അതാണവര്‍ ഉപയോഗിക്കുന്നത്. “നിങ്ങളുടെ കമ്മ്യൂണിസ്റ്റ് സംഘങ്ങള്‍ ആസൂത്രിതമായി അക്രമങ്ങളും അതിക്രമങ്ങളും അഴിച്ചുവിട്ടിരിക്കുകയാണ്. നിങ്ങളുടെ സ്വകാര്യ സൈന്യത്തെ അതിനായി ഉരയോഗിക്കുകയാണ്. ഇതാ ഞാന്‍ നിങ്ങള്‍ക്ക് പരസ്യമായി മുന്നറിയിപ്പുനല്‍കുകയാണ് നിങ്ങളുടെ ആളുകള്‍ ഈ രീതിയില്‍ തുടരുകയും ഈ ഗവണ്മെന്റ് അതിനെ തുറന്നു പ്രോത്സാഹിപ്പിക്കുകയുമാണെങ്കില്‍, ആത്മരക്ഷക്കായി സ്വയം സംഘടിക്കുകയല്ലാതെ, ഇന്നാട്ടിലെ അടിച്ചമര്‍ത്തപ്പെടുന്ന ജനങ്ങള്‍ക്ക് മറ്റൊരു പോംവഴിയുമില്ലന്ന് വരും”. ചാക്കോ അലറി. മന്ത്രിസഭയുടെ ഏകാംഗ ഭൂരിപക്ഷത്തെ പുച്ഛിച്ചുകൊണ്ട് ചാക്കോ അതിനോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. ഇല്ലങ്കില്‍ അദ്ദേഹം തുടര്‍ന്നു “ഒരു കാര്യം മനസ്സിലാക്കുക. ജനങ്ങളുടെ പ്രതികാര തരംഗങ്ങള്‍ നിങ്ങളെ മറിച്ചിടും. നിങ്ങളെ അത് മുക്കിക്കൊല്ലും.”

ചാക്കോവിന്റെത് അസാധാരണവും ഒച്ചപ്പാടുണ്ടാക്കുന്നതുമായ ഒരു പ്രകടനമായിരുന്നു. അസംബ്ലിയില്‍ സംഘര്‍ഷം മുറ്റിനിന്നു. വെറുപ്പും ശത്രുതയും കവിഞ്ഞൊഴുകുന്ന ഒന്നായിരുന്നു പ്രസംഗം. സഭയാകെ നിശ്ശബ്ദമായിപ്പോയി.

അടുത്ത ദിവസം ചോദ്യോത്തരവേളക്കുശേഷം റൂള്‍ 226 അനുസരിച്ച് ഒരു പ്രസ്താവന നടത്താനായി ഇ.എം.എസ് എഴുനേറ്റു. തലേ ദിവസം ചാക്കോ സംസാരിച്ചപ്പോള്‍ അദ്ദേഹം സഭയില്‍ ഉണ്ടായിരുന്നില്ല. ചാക്കോവിന്റെ പ്രസംഗം പ്രത്യേകിച്ച്, ഒരു തരത്തിലുള്ള ഗറില്ലാ സമരം നടന്നുകൊണ്ടിരിക്കുകയാണ് എന്ന പ്രസ്താവനയും ആത്മരക്ഷക്കായി ആയുധം കയ്യിലെടുക്കാന്‍ ജനങ്ങളോടു നടത്തിയ ആഹ്വാനവും, അത്യന്തം ഖേദകരമായിപ്പോയി എന്നദ്ദേഹം പറഞ്ഞു. ആനുഷംഗികമായി നടത്തിയ ഒരു ആരോപണമായിരുന്നില്ല അതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവിന്റെ കാഴ്ചപ്പാടില്‍ കമ്മ്യൂണിസ്റ്റുകാരല്ലാത്തവരെല്ലാം ആയുധമെടുക്കണം. “കമ്മ്യൂണിസ്റ്റ് പട്ടാളത്തേയും അവരെ പിന്തുണയ്‌ക്കുന്ന സര്‍ക്കാര്‍ പോലീസിനേയും എതിര്‍ക്കാനായി ഒരു പട്ടാളത്തെ സംഘടിപ്പിക്കും” എന്നാണ് ചാക്കോ പറഞ്ഞതിന്റെ സാരം. ‘ആയുധം എടുക്കും’ എന്ന പദം അതേപടി ഉപയോഗിച്ചിട്ടില്ലെങ്കിലും സംഘടിതമായ അക്രമങ്ങള്‍ എന്ന ആശയം പ്രതിപക്ഷനേതാവിന്റെ പ്രസംഗത്തില്‍ അടങ്ങിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകാര്‍ ഒരു പട്ടാളത്തെയും ഒരുക്കിയിട്ടില്ല. ഒരു മന്ത്രിയും അത് പരിശോധിക്കാന്‍ പോകുന്നുമില്ല. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരാരോപണം സഭയില്‍ ഉന്നയിക്കപ്പെടുന്നത്”. -അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “സ്വകാര്യ പട്ടാളങ്ങളെ, ആര് സംഘടിപ്പിച്ചിട്ടുള്ളതായാലും ശരി, അടിച്ചമര്‍ത്താന്‍ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണ്.” പ്രതിപക്ഷനേതാവ് താനെടുത്ത നിലപാടില്‍ നിന്ന് പിന്‍വാങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റൂള്‍ 80അനുസരിച്ച് ചാക്കോ വ്യക്തിഗതമായ ഒരു വിശദീകരണം നല്‍കി. ‘ദെല്‍ഹി’ആയിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദെല്‍ഹിയെ ലക്ഷ്യം വച്ച്കൊണ്ടുള്ളതാണെന്ന് അദ്ദേഹം ആരോപിച്ചു. താന്‍ അക്രമത്തിന് പ്രേരണ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. പക്ഷെ പ്രസംഗിച്ചുകൊണ്ടിരിക്കെ ആവേശം മൂത്തപ്പൊള്‍ തലേദിവസം പറഞ്ഞ മിക്കതും അദ്ദേഹം ആവര്‍ത്തിച്ചു. കമ്മ്യൂണിസ്റ്റുകാരെ ഗുണ്ടകളെന്നു വിളിച്ചു. മന്ത്രിമാര്‍ കമ്മ്യൂണിസ്റ്റ് പട്ടാളത്തിന്റെ പ്രവര്‍ത്തനം റിവ്യു ചെയ്യുന്നു എന്ന ആരോപണം സഭയില്‍ ആദ്യമായാണ് താന്‍ ഉയര്‍ത്തുന്നത് എന്നത് ശരി തന്നെ, പക്ഷെ ഇപ്പോള്‍ മാത്രമാണ് താന്‍ അതിനെപ്പറ്റി അറിഞ്ഞത് എന്നുകൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാക്കോവിന്റെ വ്യക്തിപരമായ വിശദീകരണം ദിനപ്പത്രങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അത് നിറയെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ചുള്ള ശകാരവും സ്വയം രക്ഷയുടെ പേരില്‍ തിരിച്ചടിക്കുമെന്ന ഭീഷണിയും ആയിരുന്നു. പക്ഷെ നിയമത്തിന്റെ പരിധിക്കുള്ളില്‍ എന്നുകൂടി ചേര്‍ക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനകള്‍ ബധിരകര്‍ണങ്ങളിലാണ് പതിച്ചത്. അക്രമത്തിന്റെ ഭീഷണി പിന്‍വലിക്കപ്പെട്ടില്ല, ആവര്‍ത്തിക്കപ്പെടുകയാണുണ്ടായത്.

ഇങ്ങനെയാണ് ഇന്ത്യ ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കേരളത്തിലെ പ്രതിനിധികള്‍, സംസ്ഥാനത്തില്‍ അധികാരത്തിലെത്തിയ ഏക പ്രതിപക്ഷ പാര്‍ട്ടിയോട് പെരുമാറുന്നത്. ആലങ്കാരിക പദങ്ങളെല്ലാം ഒഴിവാക്കിയാല്‍ വ്യക്തമാകുന്നത് ഒരൊറ്റ കാര്യമാണ്. കോണ്‍ഗ്രസിന്റെതല്ലാത്ത മറ്റൊരു മന്ത്രിസഭയേയും തങ്ങള്‍ അംഗീകരിക്കില്ല എന്ന കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപനം അസഹിഷ്‌ണുതയുടേയും വെറുപ്പിന്റെയും ആയിരുന്നു. സഹിഷ്ണുതയുടേയും സഹവര്‍ത്തിത്വത്തിന്റെയുമായിരുന്നില്ല.

കഴിഞ്ഞ 14 മാസമായി കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ ഇരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ പ്രതിപക്ഷത്തും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി വികാസത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമായ ചില ചോദ്യങ്ങള്‍ ഈ സ്ഥിതി വിശേഷം ഉയര്‍ത്തുന്നു.

ഏറ്റവും ആദ്യത്തെ ചോദ്യം ഇതാണ്: ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും മഹത്തായ പാരമ്പര്യത്തോട് – സഹിഷ്ണുത, ശത്രുമനസ്സിന്റെ പരിവര്‍ത്തനത്തില്‍ ഊന്നല്‍, പരസ്പരധാരണ മുതലായ പാരമ്പര്യത്തോട്, ബ്രിട്ടീഷ് ഭരണാധികാരികളോടുള്ള സമീപനത്തില്‍ പോലും സ്വീകരിച്ചിരുന്ന നിലപാടിനോട്, എത്ര കണ്ട് പൊരുത്തപ്പെടുന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍?

രണ്ടാമത്തെ ചോദ്യം ഇതാണ് ഒരു ബഹുകക്ഷി വ്യവസ്ഥ ഇവിടെ വളര്‍ന്നുവരികയാണ്. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വ്യത്യസ്ത കക്ഷികള്‍ അധികാരത്തില്‍ വരാനുള്ള സാധ്യതയുണ്ട്. കേന്ദ്രത്തിലെ ഭരണവും സംസ്ഥാനത്തിലെ ഭരണവും വ്യത്യസ്ത കക്ഷികളുടെ കയ്യിലാകും. അപ്പോള്‍ ഓരോ തലത്തിലുമുള്ള പ്രതിപക്ഷത്തിന്റെ പങ്കെന്തായിരിക്കും പ്രത്യേകിച്ച് ജനാധിപത്യ പ്രക്രിയകള്‍ ശക്തിപ്പെടണമെങ്കില്‍, ജനാധിപത്യം ശ്വാസം മുട്ടി മരിക്കാതിരിക്കണമെങ്കില്‍?

മേല്‍പ്പറഞ്ഞ ചോദ്യങ്ങളില്‍ നിന്ന് ഉരിത്തിരിയുന്ന മറ്റൊരു ചോദ്യമുണ്ട്. ഭരണഘടനാ ലക്ഷ്യങ്ങള്‍ വിഭാവനം ചെയ്യുന്ന സാമൂഹ്യ സാമ്പത്തിക പരിവര്‍ത്തനങ്ങള്‍, സംസ്ഥാന നയങ്ങളെക്കുറിച്ചുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശക തത്വങ്ങള്‍, പ്രത്യേകിച്ചും സര്‍വ്വരാലും അംഗീകരിക്കപ്പെട്ടിട്ടുള്ള സോഷ്യലിസ്റ്റ് സമൂഹം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതില്‍ ഭരണകൂടത്തിന്റെ പങ്ക് എന്താണ്?

അവസാനമായി മേല്‍പ്പറഞ്ഞവയുടെ ഒരു ഉപ ചോദ്യമെന്ന നിലയില്‍ മറ്റൊന്നുകൂടി: ഇന്‍ഡ്യയില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി നിലനില്‍ക്കാന്‍ അനുവദിക്കുമോ? ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രവര്‍ത്തിക്കാനും ജനാധിപത്യ മാര്‍ഗ്ഗങ്ങളിലൂടെ അധികാരത്തില്‍ വരാനും ഭരണഘടനയുടെ പരിധിക്കുള്ളില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ട് തന്നെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാനും അനുവദിക്കുമോ? അതോ നമ്മുടെ ഭരണഘടന കമ്യൂണിസ്റ്റ്കാര്‍ക്ക് മാത്രം ബാധകമല്ല, അവര്‍ക്ക് ഇന്‍ഡ്യയില്‍ നിലനില്‍ക്കാന്‍ അവകാശമില്ല, എന്നതാണോ നിലപാട്?

ചുരുക്കിപ്പറഞ്ഞാല്‍, കമ്യൂണിസ്റ്റ് വിരോധമാണോ നമ്മുടെ മതം? അതോ വ്യത്യസ്ഥ രാഷ്ട്രീയ കക്ഷികളുടെ സഹവര്‍ത്തിത്വത്തിനും പരസ്പര പരിശോധനക്കും ഇടം നല്‍കുന്ന ഒരു ഭാരതീയ രീതി വികസിപ്പിച്ചുകൊണ്ടുവരണമോ?

ഈ ചോദ്യത്തിന് അതേ എന്നോ അല്ല എന്നോ ഏത് ഉത്തരമായാലും ശരി അതിന് രണ്ട് സമീപന രീതികളുണ്ടാകാം. ഉണ്ടുതാനും. ആദ്യ ചോദ്യത്തിന് ‘അതേ’ എന്ന ഉത്തരം ആഗ്രഹിക്കുന്നവര്‍ ഭാരതീയ മനസിന്റെ ഒരു സവിശേഷതയെ എപ്പോഴും മറക്കുന്നു. കമ്യൂണിസത്തെ മാത്രമല്ല, ഒന്നിനേയും എതിര്‍ക്കുക എന്നതല്ല ഭാരതീയ പാരമ്പര്യം. നാം എല്ലാറ്റിനേയും സ്വീകരിക്കുന്ന കൂട്ടരാണ്. ഭാരതീയ പാരമ്പര്യത്തിന്റെ ഈ അനന്യതയെക്കുറിച്ച് മഹാനായ നമ്മുടെ പ്രസിഡന്റ് രാജേന്ദ്ര പ്രസാദ് തന്നെ 1957 ലെ സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ കേരളത്തെക്കുറിച്ച് പറയുകയുണ്ടായി:

“നിങ്ങളുടെ സംസ്ഥാനത്തും കേന്ദ്രത്തിലും രണ്ടു വ്യത്യസ്ത പാര്‍ട്ടികളാണ് ഭരിക്കുന്നത് എന്ന് നിങ്ങള്‍ക്ക് പ്രത്യേകമായി അനുഭവപ്പെടുന്നുണ്ടാകില്ലെന്ന് ഞാന്‍ ആശിക്കുന്നു,വിശ്വസിക്കുന്നു. ഒരു കാര്യം ഞാന്‍ ഉറപ്പുപറയാം, ദെല്‍ഹിയില്‍ ഞങ്ങള്‍ക്ക് അങ്ങനെ ഒരു തോന്നലുമില്ല.” പ്രസിഡന്റ് തുടര്‍ന്നു: “നിങ്ങളുടെ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന മഹത്തായ ഈ പരീക്ഷണം മറ്റു സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, രാജ്യത്തിനാകെതന്നെ ഒരു പാഠം നല്‍കുന്നതാണ്. സഹവര്‍ത്തിത്വം, വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും എങ്ങനെ ഒരുമിച്ച് ജീവിക്കുന്നു, എങ്ങനെ ഒരുമിച്ച് പണിയെടുക്കുന്നു എന്നതിനെപ്പറ്റിയെല്ലാമുള്ള അനുഭവപാഠം. ഇത് എല്ലാവര്‍ക്കും ഗുണം ചെയ്യും.”

പ്രസിഡണ്ട് ഇത് പറയുമ്പോള്‍ പഞ്ചശീലങ്ങളുടെ മഹത്തായ ആശയങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നിരിക്കണം. അണുയുദ്ധത്തിലൂടെ സര്‍വനാശത്തിന്റെ ഭീഷണി ഉയര്‍ന്നിരുന്ന കാലഘട്ടത്തിലാണ് ഇന്ത്യ, രാഷ്ട്രങ്ങളുടെ സമാധാനപരമായ സഹവര്‍ത്തിത്വമെന്ന ആശയം ലോകത്തിനാകെ സംഭാവന ചെയ്തത്. ഇതില്‍ നമുക്ക് അഭിമാനിക്കാം. ‘സഹവര്‍ത്തിത്വത്തിന്റെ ഉദാഹരണം കേരളത്തില്‍ കാണാം, ഇത് ലോകരാഷ്ട്രങ്ങള്‍ക്കുതന്നെ ഒരു മാതൃകയാകും. ഇതിനുവേണ്ടി ജീവിക്കുന്നതിനും പണിയെടുക്കുന്നതിനും അര്‍ഥമുണ്ട്.” പ്രസിഡണ്ട് തുടര്‍ന്നു: “വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും ഞങ്ങള്‍ അങ്ങനെതന്നെ തുടരുമെന്നും ഒന്നാണെന്നും ലോകത്തോടാകെ വിളിച്ചു പറയാന്‍ ഇന്ത്യാക്കാര്‍ക്കു കഴിയുമ്പോള്‍, മറ്റുുരാഷ്ട്രങ്ങളോട് തങ്ങളുടെ മാതൃക പിന്തുടരാന്‍ നമുക്ക് ധാര്‍മികമായ അവകാശം കൈവരുന്നു.”

കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്
എച്ച്.ഡി.മാളവീയ
എ.ഐ.സി.സി. ആസ്ഥാനത്ത് വളരെക്കാലം പ്രവര്‍ത്തിച്ച് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ പ്രമുഖ ഉപദേഷ്ടാക്കളില്‍ ഒരാളായിരുന്ന എച്ച്.ഡി.മാളവീയ കുറെക്കലം എ.ഐ.സി.സി.യുടെ മുഖപത്രം ആയിരുന്ന ‘ഇക്കണോമിക്ക് റിവ്യു ‘ വിന്റെ പത്രാധിപരും ആയിരുന്നു.

ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ
അദ്ധ്യായം 7: ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
അദ്ധ്യായം 8: ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
അദ്ധ്യായം 9: കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ ഭൂനയം
പ്രസാധകര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 2007
ടൈപ്പ്‌ചെയ്‌ത്‌: RSP

ഒരു അഭിപ്രായം ഇടൂ