കമ്മ്യൂമിസ്റ്റ് മന്ത്രിസഭ അധികാരം ഏറ്റെടുത്ത് ഏറെ താമസിയാതെ തന്നെ, ലഭ്യമായ സര്‍ക്കാര്‍ ഭൂമി മുഴുവനും ഭൂരഹിതരായ തൊഴിലാളികള്‍ക്കും ദരിദ്രകര്‍ഷകര്‍ക്കും കൃഷി ചെയ്യാനായി വിട്ടുകൊടുക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഒരു വശത്ത് കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കാനും മറുവശത്ത് കഴിയുന്നത്ര ഭൂരഹിത കുടുംബങ്ങളെ പനരധിവസിപ്പിക്കാനും ഇതുകൊണ്ടു കഴിയും. പ്രാധമിക മതിപ്പനുസരിച്ച് വനം ഭൂമിയല്ലാത്ത 7.5ലക്ഷം ഹെക്‌ടര്‍ കൃഷിയോഗ്യവും അല്ലാത്തതുമായ തരിശുനിലം വിതരണത്തിന് ലഭിക്കുമെന്നു കണ്ടു.
ഭൂരഹിതര്‍ക്കും ആദിവാസികള്‍ക്കും ഗവണ്മെന്റ് ഭൂമി നല്‍കികൊണ്ടുള്ള വിജ്ഞാപനം സെപ്റ്റംബര്‍ 14 ന് പുറത്തുവന്നു. ഗവണ്മെന്റിനോ പൊതുകാര്യങ്ങള്‍ക്കോ ആവശ്യം വരില്ലെന്ന് ഉറപ്പുള്ള ഭൂമി രജിസ്റ്റര്‍ ചെയ്ത് അങ്ങനെ ഭാവിയില്‍ ആവശ്യം വന്നേക്കാവുന്ന ഭൂമി ഹ്രസ്വകാല പാട്ടത്തിന് പതിച്ചുനല്‍കും എന്നതില്‍ പറഞ്ഞിരുന്നു. ഒരോ ഗ്രാമത്തിലും ഉള്ള തരിശു ഭൂമിയുടെ 25 ശതമാനമെങ്കിലും ഭാവിയിലെ ഗവണ്മെന്റ് ആവശ്യത്തിനായി നിലനിര്‍ത്തും. മുന്‍സിപ്പല്‍ അതിര്‍ത്തിക്കുള്ളിലുള്ള ഭൂമിയെ ഈ വിജ്ഞാപനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
വിതരണത്തിനു ലഭ്യമായ ഭൂമിയുടെ 25 ശതമാനം പട്ടികജാതി കുടുംബങ്ങള്‍ക്കായി നീക്കിവെയ്‌ക്കണമെന്നും നിബന്ധനപ്പെടുത്തി. ഒരു കുടുംബത്തിന് കൊടുക്കാവുന്ന ഭൂമിയുടെ വിസ്തീര്‍ണവും കല്‍പനയില്‍ നിജപ്പെടുത്തിയിരുന്നു. നിരപ്പായ പ്രദേശത്ത് ഒരേക്കര്‍ പാടം അല്ലെങ്കില്‍ മൂന്ന് ഏക്കര്‍ പറമ്പ്, കുന്നും പ്രദേശങ്ങളില്‍ 2ഏക്കര്‍ പാടം, അല്ലെങ്കില്‍ 5ഏക്കര്‍ പറമ്പ്. ഭൂമി നല്‍കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന ആളിന്റെ പേരില്‍ ഉടമാവകാശമുള്ളതോ, സ്ഥിരം പാട്ടാവകാശമുള്ളതോ ഭൂപരിഷ്കരണത്തിന്റെ ഫലമായി അങ്ങനെ ലഭിക്കാവുന്നതോ ആയ ഭൂമിയുണ്ടെങ്കില്‍ അത് കഴിച്ച് ബാക്കി മാത്രമേ ഇങ്ങനെ നല്‍കുകയുള്ളു.
ഇങ്ങനെ നല്‍കുന്ന ഭൂമി വില്‍ക്കാനോ,പണയപ്പെടുത്താനോ,പാട്ടത്തിന് കൊടുക്കാനോ,ദാനമായി നല്‍കാനോ മറ്റേതെങ്കിലും വിധത്തില്‍ കൈമാറാനോ പാടുള്ളതല്ലെന്നും കല്‍പനയില്‍ നിജപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, അനന്തര തലമുറകള്‍ക്ക് പൈതൃകമായി ലഭിക്കാവുന്നതാണ്. ഈ നിബന്ധന തെറ്റിച്ചാല്‍, ഭൂമിയുടെ മേല്‍ നല്‍കിയിട്ടുള്ള അവകാശങ്ങള്‍ റദ്ദാക്കാവുന്നതാണ്. ആരുടെയെങ്കിലും കയ്യില്‍ ഇപ്പോള്‍ തന്നെ അവകാശപ്പെട്ടതില്‍ കൂടുതല്‍ ഭൂമി കൈവശമുണ്ടെങ്കില്‍ അത് സറണ്ടര്‍ ചെയ്‌തല്ലാതെ രജിസ്ട്രേഷന്‍ നടത്തുന്നതല്ല. ഭാവിയില്‍ ഗവണ്മെന്റിന് ആവശ്യമായേക്കാവുന്ന ഭൂമി പിന്നോക്ക സമുദായക്കാര്‍ക്കും ആദിവാസികള്‍ക്കും ആണ് പാട്ടത്തിന് നല്‍കുക. പരമാവധി 3ഏക്കര്‍, ഒരിക്കല്‍ 2 കൊല്ലത്തേക്ക്.
ഗുണഭോക്താക്കളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കുന്നതിനുവേണ്ടി കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് ഓരോ താലൂക്കിലും ഉപദേശകസമിതികള്‍ രൂപീകരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
ഇതാണ് ഇന്ത്യയില്‍ ആദ്യമായി വന്‍തോതില്‍ നടക്കുന്ന യഥാര്‍ഥമായ ഭൂവിതരണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വളര്‍ന്നു വന്ന ശക്തമായ ഒരു കര്‍ഷക പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്നവരാണ് കേരളത്തിലെ മന്ത്രിമാരില്‍ അധികവും. കര്‍ഷകരുടെ അവകാശങ്ങള്‍ക്കായി ധീരസമരങ്ങള്‍ നയിച്ചവരാണവര്‍. അഖിലേന്ത്യ കിസാന്‍ സഭയുടെ നേതാവും ഇന്ത്യയിലെ ഭൂപ്രശ്‌നത്തില്‍ ഏറെ അവഗാഹമുള്ളവനും ആയ ഇ.എം.എസ്. ആണതിന് നേതൃത്വം കൊടുക്കുന്നതും.
അധികാരം ഏറ്റ് ഏറെ കഴിയുന്നതിനു മുമ്പുതന്നെ സമഗ്രമായ ഒരു ഭൂപരിഷ്‌ക്കരണ നിയമത്തിലേക്ക് കേരള ഗവണ്മെന്റ് അതിന്റെ ശ്രദ്ധ തിരിച്ചു. ഭൂമിയിന്മേലുള്ള ജനസമ്മര്‍ദ്ദവും അതിന്റെ അസന്തുലിതമായ വിതരണവും അറിയാവുന്ന കാര്യങ്ങളാണ്. മലബാറിലെ മൊത്തം കാര്‍ഷികോല്‍പാദനമായ 7 കോടി രൂപയില്‍ നിന്ന് 3 കോടി രൂപ ഭൂഉടമകള്‍ പാട്ടമായി വശത്താക്കുന്നു എന്നാണ് 1938 ലെ മലബാര്‍ കടിയായ്മ സമിതി ശേഖരിച്ച കണക്കുകള്‍ കാണിക്കുന്നത്. അതിനുപുറമേ കര്‍ഷകര്‍, തങ്ങള്‍ കടമെടുക്കുന്ന പണത്തിന് കടുത്ത പലിശ കൊടുക്കേണ്ടിവരുന്നു. പത്തു ശതമാനം നിരക്കില്‍ ഇത് പ്രതിവര്‍ഷം 1.5 കോടി രൂപ വരുമെന്ന് കണക്കാക്കിയിരിക്കുന്നു. ഇന്നും മലബാറില്‍ അതേ അവസ്ഥ തുടരുകയാണ്. തിരുവിതാംകൂര്‍-കൊച്ചി പ്രദേശത്തെയും സ്ഥിതി ഏറെ വ്യത്യസ്തമല്ല. കാര്‍ഷികോല്‍പന്ന മൂല്യത്തിന്റെ പകുതിയിലധികം ഭൂഉടമകള്‍ക്കും പണം കടം കൊടുക്കുന്നവര്‍ക്കും പാട്ടവും പലിശയുമായി കൊടുക്കേണ്ടി വരുന്നു.
ഇത്രയും ചൂഷണാത്മകമായ ഒരു ഭൂവുടമാ വ്യവസ്ഥ നിലവിലിരിക്കെ ഭൂപ്രശ്നത്തിന്റെ വിവിധ വശങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരം കാണാന്‍ ആഴത്തിലുള്ള ചിന്ത ആവശ്യമായി വരുന്നു. അധികാരമേറ്റിട്ട് രണ്ടുമാസം കഴിയുന്നതിനു മുമ്പായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റുുകമ്മറ്റിയുടെയും കമ്മ്യൂണിസ്റ്റുകാരായ എംഎല്‍എമാരുടെയും ഒരു സംയുക്ത യോഗം ചേര്‍ന്ന് കേരളത്തിലെ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രധാന വശങ്ങള്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ യോഗത്തെപ്പറ്റിയുള്ള പത്രവാര്‍ത്തകള്‍ ഭൂപ്രഭുക്കളെ പരിഭ്രാന്തരാക്കി. നിയമത്തെ എതിര്‍ക്കാനായി അവര്‍ തങ്ങളുടേതായ സംഘടന ഉണ്ടാക്കി ബഹളം വെക്കാന്‍ തുടങ്ങി. കേരളാ ഭൂപ്രഭുസംഘടനയുടെ വൈസ് പ്രസിഡന്റായ ശ്രീ.ഡി.എ.നമ്പൂതിരിപ്പാട് ദെല്‍ഹിയിലേക്ക് ഒരു പ്രതിനിധിസംഘത്തെ നയിക്കുകയും പണ്ഡിറ്റ് പാന്ത്,ഗുല്‍സാരിലാല്‍ നന്ദ,വി.ടി.കൃഷ്ണമാചാരി മുതലായവരെ കാണുകയും ചെയ്തു.
മറ്‌റു പല സംസ്ഥാനങ്ങളിലെയും ഭൂവുടമകള്‍, വരാന്‍പോകുന്ന ഭൂപരിഷ്കരണ നിയമം മുന്നില്‍ കണ്ട്, വന്‍തോതില്‍ കുടിയാന്മാരെ ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. കൈവശ കൃഷിക്കാരല്ലാതായിത്തീര്‍ന്നതിനാല്‍ ഭൂപരിഷ്കരണ നിയമം നല്‍കുന്ന ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കാതെ പോകുന്നു. ഈ അനുഭവം മുന്‍കൂട്ടി കണ്ട കമ്മ്യൂണിസ്റ്റ് മന്ത്രിസഭ 1957ആഗസ്റ്റ് 27ന് എല്ലാത്തരം കുടിയൊഴിപ്പിക്കലും തടഞ്ഞുകൊണ്ടുള്ള ഒരു കല്‍പ്പനയിറക്കി. താമസിയാതെ തന്നെ ‘കേരള കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം 1957’ പാസ്സാക്കി. അതുപ്രകാരം പരിഗണനയിലിരിക്കുന്ന ഭൂപരിഷ്കരണ നിയമം പാസ്സാക്കുന്നതുവരെ ഇപ്പോള്‍ ഭൂമി കൈവശമുള്ളവരെയും കൃഷിക്കാരെയും ഒഴിപ്പിക്കരുത്. ഇത് കുടിയാന്‍മാര്‍ക്കും കുടികിടപ്പുകാര്‍ക്കും വാരം മുതലായ മറ്‌റു വ്യവസ്ഥകളില്‍ കൃഷിചെയ്യുന്നവര്‍ക്കും താല്‍ക്കാലികാശ്വാസം നല്‍കി. ഈ നിയമത്തിന്റെ കാലാവധി 1957 ഒക്ടോബര്‍ 11ന് അവസാനിക്കുമായിരുന്നു. ഒരു ഓര്‍ഡിനന്‍സിലൂടെ അത് ആറുമാസത്തേക്ക് കൂടെ നീട്ടി. 1958 മാര്‍ച്ചില്‍ ചില ഭേദഗതികള്‍ വരുത്തിയ ശേഷം നിയമസഭ അതിന്റെ പ്രാബല്യം കുറച്ചുകാലത്തേക്കുകൂടി നീട്ടി.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഈ നടപടിയെകുറിച്ച് കുറച്ചുകൂടി പറയേണ്ടതുണ്ട്. നിയമത്തില്‍ വകുപ്പുകള്‍ വ്യക്തവും തീര്‍ച്ച മൂര്‍ച്ചയുള്ളതും ആയിരുന്നു. കേരളത്തില്‍ കുടിയൊഴിപ്പിക്കല്‍ പൂര്‍ണമായും തടയാന്‍ അതിനു കഴിഞ്ഞു. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഗവണ്മെന്റുകള്‍ കൊണ്ടുവന്ന ഭൂപരിഷ്കരണ നടപടികളെ തുടര്‍ന്നുണ്ടായ വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലുകള്‍ കര്‍ഷകര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തിയിരുന്നു. ബോംബെയില്‍ സംരക്ഷണം ലഭിച്ച കുടിയാന്‍മാരില്‍ 3.2ശതമാനത്തിനേ തങ്ങള്‍ കൈവശം വച്ചിരുന്ന ഭൂമി സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളു എന്ന് ആസൂത്രണത്തിനുള്ള യൂണിയന്‍ മന്ത്രി ആയ ഗുല്‍സാരിലാല്‍ നന്ദ എഐസിസി യോഗത്തില്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി;ഹൈദരാബാദില്‍ 1951-55 കാലത്ത് സംരക്ഷണയുള്ള കുടിയാന്‍മാരുടെ എണ്ണത്തില്‍ 57 ശതമാനം കുറവ് വരികയുണ്ടായി. കൈവശഭൂമിയില്‍ 59 ശതമാനം കുറവും. ബോംബെയില്‍ 1949-53 കാലത്ത് കുടിയാന്‍മാരുടെ കൈവശമുണ്ടായിരുന്ന ഭൂമി 58.1 ശതമാനമായി കുറയുകയുണ്ടായി. “മിക്ക സന്ദര്‍ഭങ്ങളും കുടുയാന്മാര്‍ നിയമസഹായം തേടുകയുണ്ടായില്ല. ഭൂവുടമ ആവശ്യപ്പെട്ടു, കുടിയാന്മാര്‍ മടക്കികൊടുത്തു”-നന്ദ റിപ്പോര്‍ട്ട് ചെയ്തു. (എഐസിസി ഇക്കണോമിക് റിവ്യു,1957 സെപ്തംബര്‍ 15).
നിയമം ഉണ്ടായിട്ടും മറ്റു സംസ്ഥാനങ്ങളില്‍ നടന്ന വന്‍തോതിലുള്ള കുടിയൊഴിപ്പിക്കലുകള്‍ തടയാനും കുടിയാന്മാര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നിലനിര്‍ത്താനും ഫലപ്രദമായ നിയമം ഉണ്ടാക്കാന്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കു കഴിഞ്ഞു. സ്വാഭാവികമായും, കേരള നിയമത്തില്‍ പഴുതുകള്‍ ഇല്ലായിരുന്നു. നിയമത്തെ ദുര്‍വ്യാഖ്യാനിക്കാനും മറികടക്കാനും എളുപ്പമായിരുന്നില്ല. സ്ഥാപിത താല്‍പര്യക്കാരെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു വകുപ്പും ഇല്ലായിരുന്നു.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, 1950-ല്‍ കോണ്‍ഗ്രസ് മന്ത്രിസഭ പാസ്സാക്കിയ നിയമത്തേക്കാള്‍ എത്രയോ മുന്നില്‍ ആയിരുന്നു. തിരുകൊച്ചി സംസ്ഥാനത്തിലെ ഈ നിയമപ്രകാരം കോടതി വിധികള്‍ നടപ്പാക്കുന്നതിന് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തുക മാത്രമേ ഉണ്ടായിട്ടുള്ളു. പക്ഷെ കോടതിക്ക് പുറത്ത് ഭൂപ്രഭുക്കള്‍ സംഗതി വേറെ വിധത്തില്‍ കൈകാര്യം ചെയ്‌തു. വളരെക്കാലമായി പാട്ടം കൊടുത്തുവന്നിരുന്ന കുടിയാന്മാരെ വര്‍ഷാവര്‍ഷം പുതുക്കുന്ന കരാര്‍ വ്യവസ്ഥയില്‍ കൃഷിചെയ്യുന്ന പങ്കുവാരക്കാരായി മാറ്റി. കമ്മ്യൂണിസ്റ്റുകാരുടെ നിയമം ഭൂപ്രഭുക്കള്‍ക്ക് ഇത്തരം സൂത്ര വിദ്യകള്‍ക്കൊന്നും ഇടം നല്‍കുന്നില്ല. മാത്രമല്ല, സംബാല്‍പാട്ടം, കൂലിപ്പാട്ടം, പങ്കുവാരം മുതലായ എല്ലാ തരക്കാര്‍ക്കും നിയമത്തിന്റെ ആനുകൂല്യം ബാധകമാക്കുകയും ചെയ്‌തു.
ചിറ്റൂര്‍ താലൂക്കിലെ കോട്ടമേട്ടില്‍ വെച്ചു നടത്തിയ ഒരു പൊതുസമ്മേളനത്തില്‍ വെച്ച് റവന്യൂ മന്ത്രി കെ.ആര്‍.ഗൌരി പറഞ്ഞു: ഇതേവരെ ആയി 14,000 കുടിയൊഴിപ്പിക്കലുകള്‍ തടഞ്ഞിട്ടുണ്ട്.(ഇന്ത്യന്‍ എക്‌സ്‌പ്രസ്, നവംബര്‍ 17.1957).
1948 മുതല്‍ 1957 വരെയുള്ള തിരുകൊച്ചിയിലെ കോണ്‍ഗ്രസ് ഭരണകാലത്ത് ഭൂപരിഷ്കരണത്തിന്റെ പ്രശ്‌നത്തില്‍ കാര്യമായി ഒന്നും നടക്കുകയുണ്ടായില്ല. നാലു് ഇടവകകളുടെ ജന്മാവകാശങ്ങള്‍ ഇല്ലാതാക്കുക മാത്രമാണ് നടന്നിട്ടുള്ളത്. ഭൂനികുതി നയകമ്മറ്റിയുടെ റിപ്പോര്‍ട്ടുമാത്രമേ എടുത്തുപറയാവുന്നതായി എന്തെങ്കിലും ഉള്ളു. കമ്മറ്റിയുടെ 11 അംഗങ്ങളില്‍ 9 പേരും കോണ്‍ഗ്രസുകാരായിരുന്നു. ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ(കുമരപ്പ) കാര്‍ഷിക പരിഷ്‌കരണ കമ്മറ്റി നിര്‍ദേശിച്ച ഭൂനയങ്ങളും ഉയര്‍ന്ന കോണ്‍ഗ്രസുകാരുടെ പ്രഖ്യാപനങ്ങളും പാടെ അവഗണിച്ചുകൊണ്ട് നിലവിലുള്ള ഭൂസ്വത്തിന്മേല്‍ ഒരു പരിധിയും വെക്കരുതെന്ന നിലപാടാണ് ഈ കമ്മറ്റി സ്വീകരിച്ചത്.പുതുതായി വാങ്ങുന്ന ഭൂമിയിന്മേല്‍ അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് 50 ഏക്കര്‍ ഇരുപ്പു നിലം അല്ലെങ്കില്‍ 75 ഏക്കര്‍ ഒരുപ്പു നിലം അതുമല്ലെങ്കില്‍ 50ഏക്കര്‍ തെങ്ങിന്‍ തോപ്പ്, അല്ലെങ്കില്‍ 75 ഏക്കര്‍ പറമ്പ് എന്ന തോതില്‍ പരിധി വെക്കാമെന്നു നിര്‍ദേശിച്ചു. കൂടുതലുള്ള ഓരോ അംഗത്തിനും കൂടുതലായി 10 ഏക്കര്‍ വീതവും. എല്ലാം കൂടിയാല്‍ പരമാവധി 150 ഏക്കര്‍ വരെ. ഇപ്പോള്‍ കൈവശം ഉള്ള ഭൂമിയുടെ മേല്‍ ഒരു പരിധിയും വയ്‌ക്കരുത് എന്നാണ് കമ്മറ്റിയുടെ അഭിപ്രായമെങ്കിലും അങ്ങനെ വേണമെന്ന് തീരുമാനിക്കുകയാണെങ്കില്‍ ഭൂവുടമകള്‍ക്ക് നിലവിലുള്ള മാര്‍ക്കറ്റ് നിരക്കില്‍ പ്രതിഫലം നല്‍കിയേ ഭൂമി ഏറ്റെടുക്കാവൂ എന്നുകൂടി അത് കൂട്ടിച്ചേര്‍ത്തു. സ്വന്തമായി കൃഷി ചെയ്യുന്നതിന് കുടിയാന്മാരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കാന്‍ ഭൂവുടമകളെ സഹായിക്കുന്ന ഉദാരമായ വ്യവസ്ഥകള്‍ കൂടി കൂട്ടിച്ചേര്‍ക്കാന്‍ കമ്മറ്റി മറന്നില്ല. അതിനായി വെച്ചിട്ടുള്ള നിബന്ധനകള്‍ എളുപ്പത്തില്‍ മറികടക്കാവുന്നവയായിരുന്നു.
പത്തുമാസംമാത്രം, നീണ്ടുനിന്ന തങ്ങളുടെ ഭരണകാലത്തെ പിഎസ്‌പിയുടെ റെക്കോര്‍ഡ് കുറച്ചുകൂടി ഭദമായിരുന്നു. അവര്‍ കൊണ്ടുവന്ന ഭൂനിയമ ബില്‍ കുറച്ചുകൂടി പുരോഗമനാത്മകമായിരുന്നു. കൈവശഭൂമിക്ക് പരിധി നിശ്ചയിക്കാന്‍ അവര്‍ തയ്യാറായി. എന്നാല്‍ ഉടമാവകാശത്തില്‍ പരിധി നിശ്ചയിക്കാന്‍ തയ്യാറായില്ല. പക്ഷെ മര്യാദപ്പാട്ടമേ പിരിക്കാവൂ. അതിനുശേഷം വന്ന പനമ്പിള്ളി(കോണ്‍ഗ്രസ്)മന്ത്രിസഭ പൂഞ്ഞാര്‍, വഞ്ഞിപ്പുഴ, കിളിമാനൂര്‍,ഇടപ്പിള്ളി എന്നീ നാലു ഇടവകകളുടെ ജന്മാവകാശങ്ങള്‍ നിര്‍ത്തലാക്കി. ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലെ സെമിന്ദാരി സമ്പ്രദായത്തിന് സദൃശ്യമായിരുന്നു ഇത്. പക്ഷെ ഇവര്‍ രാജാവിന് ഒരു തരത്തിലുള്ള പാട്ടവും കൊടുക്കേണ്ടതുണ്ടായിരുന്നില്ല. ഇവരുടെ കൈവശമുണ്ടായിരുന്ന മൊത്തം ഭൂമി 1,04,925 ഏക്കര്‍ ആയിരുന്നു. കാണക്കുടിയായ്‌മ നിയമം ആണ് ഈ മന്ത്രിസഭ പാസ്സാക്കിയ മറ്റൊന്നി.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്ക് മുമ്പുണ്ടായിരുന്ന ഗവണ്മെന്റുകള്‍ ഭൂപ്രശ്നത്തിന്റെ വക്കു കടിക്കുകപോലും ചെയ്തിട്ടില്ലെന്ന് മേല്‍പറഞ്ഞതില്‍ നിന്ന് വ്യക്തമാകുന്നു. കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിന് ഹരിശ്രീ മുതല്‍ തുടങ്ങേണ്ടി വന്നു.
വിവിധ പാര്‍ട്ടികള്‍ എന്തെന്തു ചെയ്തു എന്ന് മനസിലാക്കുന്നതിന് കേരളത്തിലെ ഭൂബന്ധങ്ങളെക്കുറിച്ച് ചുരുക്കിപ്പറയേണ്ടതുണ്ട്. മലബാറില്‍ മൂന്നു തരത്തിലുള്ള അവകാശങ്ങളാണുള്ളത്. ജന്മം,കുഴിക്കാണം,വെറുമ്പാട്ടം. ജന്മമെന്നത് ഭൂമിയുടെ മേലുള്ള പൂര്‍ണമായ ഉടമാവകാശമാണ്. ഉടമസ്ഥനെ ജന്മി എന്നു വിളിക്കുന്നു. മലബാറില്‍ എല്ലാ ഭൂമിയും, കുന്നും കാടുമടക്കം ജന്മിമാരുടേതാണ്. റവന്യു സെറ്റില്‍മെന്റിന്റെ ഭാഗമായി ബ്രിട്ടീഷുകാര്‍ ചെയ്‌തുവച്ചതാണിത്. കുഴിക്കാണ വ്യവസ്ഥയില്‍, കുടിയാന്മാരായ കാണക്കാരന് ജന്മിയില്‍ നിന്നു ഒരു നിശ്ചിത കാലം കൃഷി ചെയ്യാനുള്ള അവകാശം കിട്ടുന്നു. സാധാരണയായി 12 കൊല്ലമാണിത്. അക്കാലത്ത് മുന്‍ നിശ്ചയിച്ച പാട്ടം നല്‍കിക്കൊണ്ടിരിക്കണം. പല കാണക്കാരും തങ്ങളുടെ കയ്യിലുള്ള ഭൂമി വെറും പാട്ടക്കാര്‍ക്ക് കീഴ്‌പാട്ടത്തിനുകൊടുക്കും. സാധാരണയായി ഇത് ഒരു കൊല്ലത്തേക്കു മാത്രമായിരിക്കും. ഇത് വാക്കാല്‍ കരാറുമാത്രമായിരിക്കും എപ്പോള്‍ വേണമെങ്കിലും അവസാനിപ്പിക്കാം. കാണക്കാരനില്‍ നിന്ന് എടുക്കുന്ന പോലെ ജന്മിയില്‍ നിന്ന് നേരിട്ടും വെറും പാട്ടത്തിന് എടുക്കാറുണ്ട്. തിരുകൊച്ചി പ്രദേശത്തും ജന്മിമാരും കാണകുടിയാന്മാരും പരമ്പരാഗത ഭൂവ്യവസ്ഥയുടെ ഭാഗമായിരുന്നു. കാലക്രമത്തില്‍ പലതരം കീഴ്‌പ്പാട്ട സമ്പ്രദായങ്ങള്‍ രൂപപ്പെട്ടുവന്നു-വെറുംപാട്ടം,പണയം,അനുഭോഗം എന്നിങ്ങനെ.
കുടിയായ്‌മ വ്യവസ്ഥയുടെ അടിത്തറ പാട്ടത്തിന്റെ രൂപത്തിലുള്ള ചൂഷണമാണ്. പക്ഷെ,മലബാര്‍ പ്രദേശത്തും തിരുകൊച്ചി പ്രദേശത്തും വ്യത്യസ്ത ഭരണങ്ങളാണ് ഉണ്ടായിരുന്നത്. ക്രമത്തില്‍ വ്യത്യസ്തതരം കുടിയാന്മാരുടെ അവകാശങ്ങളില്‍ വ്യത്യാസങ്ങള്‍ വന്നു. നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തില്‍ കീഴില്‍ കുടിയാന്മാരുടെ അവകാശങ്ങള്‍ക്ക് താരതമ്യേന വികസിതമായ രൂപം കൈവന്നു.
1929-ലെ മലബാര്‍കുടിയായ്‌മ നിയമം, 1946-ലെ മദ്രാസ് കുടിയാന്‍ കര്‍ഷക സംരക്ഷണ നിയമം, 1951-ല്‍ മലബാര്‍കുടിയായ്‌മ നിയമത്തിനു വരുത്തിയ ഭേദഗതികള്‍ എന്നിവയുടെ എല്ലാം ഫലമായി എല്ലാത്തരം കുടിയാന്മാര്‍ക്കും സ്ഥിരത ലഭിച്ചു. എന്നാല്‍, സ്വയം കൃഷി ചെയ്യാന്‍ ഭൂമി തിരിച്ചെടുക്കാന്‍ ഭൂവുടമകള്‍ക്ക് അനുവാദം നല്‍കി. വെറും പാട്ടക്കാര്‍, കുടിയായ്‌മ സ്ഥിരമാക്കികിട്ടണമെങ്കില്‍ ഒരു കൊല്ലത്തെ പാട്ടം മുന്‍കൂട്ടി കെട്ടിവെക്കണമെന്നും വ്യവസ്ഥ ചെയ്തു. ഇത് രണ്ടും കൂടി നിയമം കൊണ്ട് കൃഷിക്കാര്‍ക്ക് കൈവന്ന നേട്ടങ്ങള്‍ ഇല്ലാതായി. ‘മര്യാദപ്പാട്ടം’എന്നത് പാടങ്ങളിലെ ഉല്‍പാദനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗമായിരുന്നത് പകുതി ആക്കി കുറച്ചു. പറമ്പുകളുടെ മര്യാദപ്പാട്ടത്തിലും കുറച്ച് ഇളവ് വരുത്തുകയുണ്ടായി. എന്നാല്‍ ഭൂപ്രഭുക്കള്‍ ആവശ്യപ്പെട്ടാല്‍ പാട്ടം വര്‍ധിപ്പിക്കുന്നതിന് പാട്ടക്കോടതികള്‍ക്ക് അധികാരം ഉണ്ടായിരുന്നു. മദിരാശി അസംബ്ലിയിലുള്ള കമ്മ്യൂണിസ്റ്റ് അംഗങ്ങളുടെ നിര്‍ബന്ധം കാരണം ഈ നിയമത്തില്‍ കുടിയാന്മാര്‍ക്ക് അനുകൂലമായി ചിലമാറ്റങ്ങള്‍ വരുത്തി. ഭൂമി തിരിച്ചെടുക്കാനുള്ള അവകാശം ഭേദഗതി ചെയ്‌തു. പാട്ടക്കാരെ കുടികിടപ്പ് ഇടങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നത് തടയപ്പെട്ടു. മുന്‍കൂര്‍ പാട്ടം കെട്ടിവെക്കുക എന്ന വ്യവസ്ഥ നീക്കം ചെയ്‌തു.
നിയമനിര്‍മാണത്തിലൂടെയും വിജ്ഞാപനങ്ങളിലൂടെയുമായി കൊച്ചിയില്‍ 1937 ആയപ്പോഴേക്കും എല്ലാ കാണകുടിയാന്മാര്‍ക്കും സ്ഥിരാവകാശം ലഭിച്ചു. 1943-ലെ നിയമം വെറും പാട്ടക്കാര്‍ക്കും കുടിയായ്‌മ സ്ഥിരമാക്കി കിട്ടി.
തിരുവിതാംകൂറിലെ അവസ്ഥ വ്യത്യസ്തമായിരുന്നു. ഇവിടെ 1829-ലെയും 1867-ലെയും രാജാവിന്റെ വിജ്ഞാപനങ്ങള്‍ വഴി, പാട്ടം മുടക്കാത്ത കാണകുടിയാന്മാര്‍ സ്ഥിരം കുടിയാന്മാരായി. തിരുവിതാംകൂറിലെ കാണകുടിയാന്മാര്‍ ജന്മിക്ക് കൊടുക്കേണ്ടിയിരുന്ന വ്യത്യസ്തങ്ങളായ ഭോഗങ്ങള്‍ 1933-ലെ വിജ്ഞാപനത്തിലൂടെ റദ്ദാക്കി. എല്ലാംകൂടി ഒരു നിശ്ചിത തുക, ജന്മിക്കു നല്‍കിയാല്‍ മതി എന്നു വ്യവസ്ഥ ചെയ്തു. ഗവണ്മെന്റു തന്നെ ഈ ജന്മിക്കരം പിരിച്ചെടുത്ത് ജന്മിമാര്‍ക്ക് വിതരണം ചെയ്യുമെന്നും വ്യവസ്ഥ ചെയ്തു. കാണകുടിയാന്മാര്‍ ഭൂമിയുടെ ഉടമകള്‍ ആയി മാറി. പൈതൃകമായി കൊടുക്കാനും വില്‍ക്കാനും ഒക്കെ അവകാശമുണ്ടെന്നായി.
അങ്ങനെ 1956-ല്‍ കേരള സംസ്ഥാനം രൂപീകൃതമായ സമയത്ത് മലബാറിലെ എല്ലാ കുടിയാന്മാര്‍ക്കും സ്ഥിരം പാട്ടാവകാശവും മര്യാദപ്പാട്ടവും ഉണ്ടായിരുന്നു. കൊച്ചിയിലെ കുടിയാന്മാര്‍ക്കും മര്യാദപ്പാട്ടം നിശ്ചയിച്ചിരുന്നു. തിരുവിതാംകൂറിലെ കാണകുടിയാന്മാരൊഴികെ മറ്റാര്‍ക്കും ഒരു സംരക്ഷണവും ഉണ്ടായിരുന്നില്ല. മുന്‍ കോണ്‍ഗ്രസ്-പി.എസ്.പി മന്ത്രിസഭകളെ അപേക്ഷിച്ച് കുടിയാന്മാരുടെ കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് മന്ത്രിസഭക്കുണ്ടായിരുന്ന താല്‍പര്യവും ആത്മാര്‍ഥതയും പ്രകടമായിരുന്നു. കുടിയൊഴിപ്പിക്കല്‍ നിരോധിക്കുകയും സര്‍ക്കാര്‍ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുകൊടുക്കുകയും ചെയ്തതിനു പുറമെ സമഗ്രമായ ഒരു കാര്‍ഷിക പരിഷ്‌ക്കരണ ബില്‍ 1957 ഒക്‌ടോബര്‍ അവസാനമാകുമ്പോഴേക്കും അവര്‍ തയ്യാറാക്കി, പ്ലാനിങ് കമ്മീഷന്റെ പരിശോധനക്കും ഉപദേശത്തിനുമായി അയച്ചുകൊടുക്കുകയും ചെയ്തു. ഒക്‌ടോബര്‍ 21 ന് ഒരു കടാശ്വാസ ബില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അത് സംസ്ഥാനത്തെ കൃഷിക്കാര്‍ക്കുള്ള കടാശ്വാസ നിയമങ്ങളെ ഏകീകരിച്ചു. 1940ന് മുമ്പ് കൈപ്പറ്റിയ കടങ്ങളില്‍ ബാങ്കിംഗ് കമ്പനികള്‍ക്കുള്ളതല്ലാത്ത മറ്റു കടങ്ങളില്‍ ഇളവ് വരുത്തി. തിരുകൊച്ചി-മലബാര്‍ പ്രദേശങ്ങളില്‍ മുമ്പുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ കൃഷിക്കാര്‍ക്ക് നല്‍കി. 1958 മാര്‍ച്ചിലെ സംസ്ഥാന അസംബ്ലിയുടെ ബജറ്റ് സമ്മേളനത്തില്‍ ഈ ബില്‍ പാസ്സാക്കി.
നവംബര്‍ 23ന് ഒരു അസാധാരണ ഗസറ്റിലൂടെ തിരുവിതാംകൂറിലെ ജന്മിക്കരം ഇല്ലാതാക്കുന്ന ഒരു ബില്‍ പ്രസിദ്ധീകരിച്ചു. 5500 ഭൂപ്രഭുക്കന്മാരെയും 1.5 ലക്ഷം ഏക്കര്‍ ഭൂമിയേയും ബാധിക്കുന്നതായിരുന്നു ഇത്. ജന്മിമാര്‍ക്ക് സ്ലാബ് അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് ഇതില്‍ വ്യവസ്ഥയുണ്ടായിരുന്നു. അത് ഗവണ്മെന്റ് കൊടുക്കുകയും ചെയ്യും. നേരത്തെ കൊടുത്തിരുന്ന ജന്മിക്കരത്തിന്റെ 8 1/3 മടങ്ങ് എന്ന തോതില്‍ ഒരു തുക ഗവണ്മെന്റ് കുടിയന്മാരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. 16 തവണകളിലായി,5 ശതമാനം പലിശ നിരക്ക് വച്ചാണ് ഈ പണം ഈടാക്കുന്നത്.
ജന്മിമാര്‍ക്കു കൊടുക്കുന്ന നഷ്‌ടപരിഹാരം വ്യത്യസ്ത തോതുകളിലായിരുന്നു. പ്രതിവര്‍ഷം 500 രൂപയില്‍ കുറവ് ജന്മിക്കരം കിട്ടിയിരുന്നവര്‍ക്ക് അതിന്റെ 12 മടങ്ങായിരിക്കും നഷ്‌ടപരിഹാരം. പ്രതിവര്‍ഷം 1000 രൂപയില്‍ കൂടുതല്‍ കിട്ടിയിരുന്നവര്‍ക്ക് അതിന്റെ നാലുമടങ്ങും. അത് പണത്തിന്റെ രൂപത്തിലോ നാലുശതമാനം പലിശയുള്ള ഗവണ്മെന്റ് ബോണ്ട് രൂപത്തിലോ നല്‍കുന്നതായിരിക്കും. ആറു കൊല്ലത്തിനു ശേഷം പണമോ, പണവും പുതിയ ബോണ്ടുമായോ തുക തിരിച്ചുനല്‍കുന്നതായിരിക്കും. ബില്ലിന്റെ അനുബന്ധമായി കൊടുത്ത ഫൈനാന്‍ഷ്യല്‍ മെമ്മോറാണ്ടത്തില്‍ നഷ്‌ടപരിഹാരത്തിനും അത് തിരിച്ചുപിടിക്കുന്നതിനും വേണ്ടി ഗവണ്മെന്റിനുണ്ടാകുന്ന ബാധ്യത 82 ലക്ഷം രൂപയാണെന്ന് കാണിച്ചിരുന്നു.
ഡിസംബര്‍ 21നാണ് റവന്യൂമന്ത്രി കെ.ആര്‍.ഗൌരി സമഗ്രമായ കേരള കാര്‍ഷിക ബന്ധബില്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്. പൊതുജനാഭിപ്രായം അറിയുന്നതിനായി ബില്‍ സര്‍ക്കുലേറ്റ് ചെയ്യാന്‍ തീരുമാനിക്കുകയാണുണ്ടായത്. 1958 മാര്‍ച്ച് 30ന് ബജറ്റ് സെഷന്റെ അവസാനത്തില്‍ ബില്‍ വീണ്ടും അവതരിപ്പിക്കപ്പെട്ടു. ആ സെഷനില്‍ അത് പാസാക്കിയില്ല. ഒരു സെലക്‌ട് കമ്മറ്റിക്ക് വിടുകയാണുണ്ടായത്. അതിന്റെ തലേദിവസം ബില്ലിനെ അനുകൂലിക്കുന്നതിനായി കേരള കര്‍ഷക സംഘത്തിന്റെ ഒരു വമ്പന്‍ പ്രകടനം തിരുവനന്തപുരത്തെ തെരുവുകളിലൂടെ നീങ്ങുകയുണ്ടായി.
മറ്റൊരു കാര്യം കൂടി പറയേണ്ടതുണ്ട്. ബില്‍ പ്രസിദ്ധീകരിച്ച ശേഷം അതില്‍ നിര്‍ദേശിച്ചിട്ടുള്ള നടപടികളെക്കുറിച്ച് കേരളത്തിലൊട്ടാകെ, കൃഷിക്കാരുടെ ഇടയില്‍ ചര്‍ച്ച നടക്കുകയുണ്ടായി. കര്‍ഷക സംഘമാണ് നേതൃത്വം കൊടുത്തത്. പാര്‍ട്ടി ഭേദം കൂടാതെ കര്‍ഷകര്‍ തങ്ങളുടെ ഗ്രാമങ്ങളില്‍ ഒത്തുചേരുകയും ബില്ലിനെ വാചകം വാചകമായി പരിശോധിക്കുകയും ഭേദഗതികള്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനുശേഷം സംസ്ഥാനകര്‍ഷക സംഘത്തിന്റെ ഒരു പ്രത്യേക യോഗം നടക്കുകയുണ്ടായി. അതില്‍വെച്ച് ബില്ലില്‍ ചില ഭേദഗതികള്‍ നിര്‍ദേശിക്കപ്പെട്ടു. ബില്ലിന്റെ ചര്‍ച്ചയിലെ ജനപങ്കാളിത്തം അനന്യമായിരുന്നു. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിലും ഇതുപോലൊന്ന് കാണാന്‍ കഴിയില്ല.
പ്ലാനിങ് കമ്മീഷന്റെ ഭൂപരിഷ്‌ക്കരണ സമിതിയുടെ ശുപാര്‍ശകള്‍ക്കനുസൃതമായാണ് ബില്‍ രൂപപ്പെടുത്തിയത്. നിയമത്തെ ദുര്‍വ്യാഖ്യാനിച്ച് ആക്‌ടിന്റെ സത്ത നശിപ്പിക്കാന്‍ ഭൂപ്രഭുക്കള്‍ നടത്തിയേക്കാവുന്ന വേലത്തരങ്ങളില്‍ നിന്ന് കുടിയാന്മാരെ സംരക്ഷിക്കാന്‍ ഉതകുന്ന സുരക്ഷാ വകുപ്പുകള്‍ ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അതുപോലെ തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും നിലവിലുള്ള നിയമങ്ങളിലെ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുകയും ചെയ്തിരുന്നു. അഞ്ച് ഏക്കറില്‍ കുറവ് ഭൂമിയുള്ള ഭൂപ്രഭുക്കളുടെ-കേരളത്തിലെ ഗ്രാമീണജനതയുടെ നല്ലൊരു ശതമാനം വരുന്ന ഇവരുടെ- പ്രശ്നം ബില്ലില്‍ പ്രത്യേകമായി പരിഗണിച്ചിരുന്നു. ഇത്തരക്കാര്‍ക്ക് തിരുകൊച്ചിയില്‍ നല്‍കുന്ന സംരക്ഷണം മലബാറില്‍ ബാധകമായിരുന്നില്ല. സ്ഥിരം പാട്ടക്കാരുടെ ഭൂമിയെ ആകട്ടെ അതൊരിക്കലും ബാധിച്ചിരുന്നില്ല.
എല്ലാ കുടിയാന്മാരേയും സ്ഥിരം പാട്ടക്കാരാക്കി മാറ്റി. വളരെ അസാധാരണമായ ചില സന്ദര്‍ഭങ്ങളില്‍ മാത്രമേ, ബില്ലിലെ വ്യവസ്ഥകളനുസരിച്ച് അവരെ ഒഴിപ്പിക്കാന്‍ പറ്റുമായിരുന്നുള്ളു. പരിധിയില്‍ കവിഞ്ഞ ഭൂമിയുള്ളവരുടെ കീഴിലുള്ള വാരക്കാര്‍ക്ക്, അവര്‍ 1957 ഏപ്രില്‍ 11ന് മുമ്പ് തുടര്‍ച്ചയായി 10 കൊല്ലം ആ ഭൂവുടമയുടെ ഭൂമി കൃഷി ചെയ്‌തുവരുന്നുണ്ടെങ്കില്‍ അവരുടെ കുടിയായ്മ സ്ഥിരമാക്കി.
പോരാ. രേഖയില്‍ ഏജന്റെന്നോ, പണിക്കാരനെന്നോ മാത്രമേ പറഞ്ഞിട്ടുള്ളുവെങ്കിലും താന്‍ യഥാര്‍ഥത്തില്‍ പാട്ടം കൊടുക്കുന്ന കൃഷിക്കാരനായിരുന്നു എന്ന് തെളിയിക്കാന്‍ കഴിഞ്ഞാല്‍ അയാള്‍ക്കും ഈ അവകാശങ്ങളെല്ലാം കിട്ടും. ഇങ്ങനെയുള്ളവര്‍ ഒട്ടനവധി ഉണ്ടായിരുന്നു. ഭൂവുടമയുടെ രേഖകളില്‍ അവരെ പണിക്കാരായാണ് ചേര്‍ത്തിട്ടുള്ളത്. നിയമത്തിന്റെ വ്യവസ്ഥകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്. യഥാര്‍ഥത്തില്‍ അവര്‍ പാട്ടക്കുടിയാന്മാരായിരുന്നു. അവര്‍ക്കെല്ലാം ഈ നിയമത്തിന്റെ പരിരക്ഷ കിട്ടി. അങ്ങനെ ഭൂവുടമയുടെ കയ്യിലുള്ള രേഖയില്‍ പറഞ്ഞിട്ടുള്ളത് എന്തുമായിക്കൊള്ളട്ടെ, കൃഷി ചെയ്യുന്ന എല്ലാ കുടിയാന്മാര്‍ക്കും കുടിയായ്മക്ക് സ്ഥിരത നല്‍കുന്ന ഈ ബില്ലിന്റെ പരിരക്ഷ അവകാശപ്പെടാവുന്നതാണ്. സ്ഥിരം പാട്ടക്കാരുടെ കൈവശമുള്ള ഒരു ഭൂമിയും തിരിച്ചെടുക്കാവുന്നതല്ല. മറ്റു സന്ദര്‍ഭങ്ങളിലും ഒരിക്കല്‍ മാത്രമേ പാട്ടക്കാരനില്‍ നിന്ന് ഭൂമി തിരിച്ചെടുക്കാന്‍ പാടുള്ളു. അതും പാട്ടത്തിന്റെ കാലാവധിക്കു ശേഷം മാത്രം. മാത്രമല്ല, കാര്‍ഷിക വര്‍ഷാന്ത്യത്തിലേ പാടുള്ളുതാനും.
ഒരു കുടിയാന്റെ കയ്യില്‍ നിന്ന് ഭൂവുടമ ഭൂമി തിരിച്ചെടുക്കുമ്പോള്‍, കുടിയാന്റെ ദേഹണ്ഡത്തിനുള്ള നഷ്ടപരിഹാരം നല്‍കുന്ന നിയമപ്രകാരം അയാള്‍ക്ക് ഒന്നും കിട്ടുന്നില്ലെങ്കില്‍, ഒരു വര്‍ഷത്തെ പാട്ടത്തിനു തുല്യമായ തുക സാന്ത്വനമായി ഭൂവുടമ അയാള്‍ക്കു നല്‍കേണ്ടതാണ്. ഒരു മതസ്ഥാപനത്തിന്റെ തലവനായ ഭൂവുടമയ്‌ക്ക് കുടിയാന്റെ കൈവശമുള്ള ഭൂമിയുടെ ഒരു ഭാഗം ആരാധനാലയം വലുതാക്കാന്‍ വേണ്ടി തിരിച്ചെടുക്കാവുന്നതാണ്. സ്വന്തം താമസത്തിനായോ, കുടുംബാംഗങ്ങളുടെ താമസത്തിനായോ കെട്ടിടം വെക്കാന്‍ വേണ്ടിയോ സ്വയം കൃഷി നടത്താന്‍വേണ്ടിയോ ഒരു ഭൂവുടമക്ക് കുടിയാനില്‍ നിന്ന് ഭൂമി തിരിച്ചെടുക്കാവുന്നതാണ്. എന്നാല്‍ അങ്ങനെ ചെയ്യുന്നതിന്റെ ഫലമായി കുടിയാന്റെ കൈവശമുള്ള ഭൂമിയുടെ വിസ്തീര്‍ണം ഒരേക്കര്‍ ഇരുപ്പു നിലത്തേക്കാള്‍ (അല്ലെങ്കില്‍ തുല്യഭൂമിയേക്കാള്‍) കുറയുകയാണെങ്കില്‍ തിരിച്ചെടുക്കാവുന്നതല്ല. കുടിയാന്റെ കൈവശഭൂമി ഒരേക്കറില്‍ കുറവാണെങ്കില്‍ കെട്ടിടം വെക്കാനായി 20 സെന്റില്‍ കൂടുതല്‍ ഭൂമി ഭൂവുടമയ്‌ക്ക് തിരിച്ചെടുക്കാവുന്നതല്ല. എന്തൊക്കെ ആയാലും കുടിയാന്റെ കയ്യില്‍ 20 സെന്റ് ഭൂമിയെങ്കിലും അവശേഷിക്കുകയും വേണം. കെട്ടിടം നിര്‍മ്മിക്കാനോ കൃഷി നടത്താനോ ആയി ഭൂമി തിരിച്ചെടുക്കാന്‍ മതസ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതല്ല.
ഭൂവുടമ തിരിച്ചെടുത്ത ഭൂമി എന്തിനുവേണ്ടിയാണോ തിരിച്ചെടുത്തത് അത് ചെയ്യുന്നില്ലെങ്കില്‍ ഒരു നിശ്ചിത കാലാവധിക്കുശേഷം കുടിയാന് ഭൂമി തിരിച്ചുതരാനായി ഉടമയുടെ പേരില്‍ കേസ്സുകൊടുക്കാവുന്നതാണ്. സ്വയം കൃഷി ചെയ്യാനെന്നു പറഞ്ഞ് പാട്ടസ്ഥിരത കൊടുക്കുന്ന നിയമങ്ങള്‍ ഉണ്ടായിട്ടുപോലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഭൂവുടമകള്‍ കുടിയാന്മാരെ വ്യാപകമായ തോതില്‍ കുടിയൊഴിപ്പിക്കുകയുണ്ടായി. എന്നാല്‍, കേരളത്തില്‍ ഇതിന് ഇടം നല്‍കുകയുണ്ടായില്ല. തര്‍ക്കങ്ങള്‍, പ്രത്യേകിച്ചും ചെറുകിടക്കാരുടെ ഇടയില്‍, അപ്പഴപ്പോള്‍ പരിഹരിക്കാനായി തിരുകൊച്ചി പ്രദേശത്ത് ലാന്‍ഡ് ട്രിബ്യൂണലുകള്‍ ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥ ചെയ്തു. ട്രിബൂണല്‍, രണ്ടുകൂട്ടരുടേയും താരതമ്യ സാമ്പത്തിക സ്ഥിതി, ഓരോരുത്തര്‍ക്കും ജീവസന്ധാരണത്തിന് ലഭ്യമായ മറ്റു മാര്‍ഗങ്ങള്‍, ഭൂമി മെച്ചപ്പെടുത്തുന്നതിന് ഇരുകൂട്ടരും ചെലവഴിച്ച അധ്വാനവും പണവും മുതലായ കാര്യങ്ങളെല്ലാം കണക്കിലെടുത്ത് നീതിപൂര്‍വമായ ഒരു ഒത്തുതീര്‍പ്പിലെത്തുന്നു. ഒരു ചെറുകിട ഭൂവുടമയുടെ, കുടിയാന്റെ കയ്യില്‍ സ്വന്തമായോ, പാട്ടത്തിനോ ഭൂവുടമയുടേതിനേക്കാള്‍ കൂടുതല്‍ ഭൂമിയുണ്ടെങ്കില്‍ മുഴുവന്‍ ഭൂമിയും ഭൂവുടമയ്‌ക്ക് തിരിച്ചുനല്‍കണമെന്ന് ട്രിബ്യൂൂണല്‍ വിധിച്ചേക്കും.
ബില്ലില്‍ പരമാവധി ഈടാക്കാവുന്നതും മിനിമം നല്‍കേണ്ടതുമായ മര്യാദപ്പാട്ടങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ പരിധിക്കുള്ളില്‍ പ്രാദേശിക സ്ഥിതികള്‍ക്കനുസരിച്ച് മര്യാദപ്പാട്ടം നിശ്ചയിക്കാന്‍ ഗവണ്മെന്റിന് അധികാരം ഉണ്ട്. ഇക്കാര്യത്തില്‍ കുടിയായ്‌മയുടെ സ്വഭാവവും ആക്‌ടിന് തൊട്ടുമുമ്പേ ആ പ്രദേശത്ത് പ്രാബല്യത്തിലിരുന്ന നിയമങ്ങളും ഒക്കെ ഗവമ്മെന്റ് കണക്കിലെടുക്കുന്നതാണ്.
കുടിയാന്റെ അധ്വാനഫലമായി പാടമാക്കി മാറ്റപ്പെട്ട കരഭൂമിക്ക് മൊത്തം നെല്ലുല്‍പാദനത്തിന്റെ ആറിലൊന്നു മുതല്‍ പന്ത്രണ്ടിലൊന്നു വരെയാണ് മര്യാദപ്പാട്ടം. അതുപോലെ തെങ്ങിന്‍ തോപ്പുകള്‍ക്കും മറ്റു തോപ്പുകള്‍ക്കും മര്യാദപ്പാട്ടം നിശ്ചയിച്ചിട്ടുണ്ട്. ഓരോ നിശ്ചിത പ്രദേശത്തിനുമായി രൂപീകരിച്ച ലാന്‍ഡ് ട്രിബ്യൂണല്‍ അവിടത്തെ മര്യാദപ്പാട്ടം നിശ്ചയിക്കുന്നതാണ്. അതില്‍ കുറവാണ് നേരത്തെ കൊടുത്തിരുന്ന പാട്ടം എങ്കില്‍ അതായിരിക്കും കൊടുക്കേണ്ട പാട്ടം.
തങ്ങള്‍ കൊടുക്കുന്ന പാട്ടത്തിന് ഭൂവുടമകളില്‍ നിന്ന് രശീതി ആവശ്യപ്പെടാനും പാട്ടം കോടതിയില്‍ കെട്ടിവെക്കാനും പാട്ടമിളവ് നിശ്ചയിച്ചുകിട്ടാനും ഇടനിലക്കാരുണ്ടെങ്കില്‍ ഭൂവുടമയ്‌ക്കും അവര്‍ക്കുമിടയില്‍ പാട്ടം എങ്ങനെ വീതിക്കണമെന്ന് തീരുമാനിച്ചുകിട്ടാനും ഒക്കെ ബില്‍ പ്രകാരം കുടിയാന് അവകാശമുണ്ട്.
ഭൂവുടമ ആവശ്യപ്പെടുകയാണെങ്കില്‍ കുടിയാനില്‍ നിന്ന് പാട്ടം പിരിച്ചെടുക്കാനും ഗവണ്മെന്റിന് അധികാരമുണ്ട്. ഏതേത് സന്ദര്‍ഭങ്ങളിലാണ് വിളനാശം കാരണം കുടിയാന് പാട്ടമിളവിന് അവകാശമുള്ളതെന്നും ബില്ലില്‍ പറഞ്ഞിട്ടുണ്ട്. ഭൂവുടമയ്‌ക്ക് ചെല്ലേണ്ട പാട്ടകുടിശ്ശികയ്‌ക്ക് മുന്‍ഗണനാവകാശമുണ്ടായിരിക്കും. കുടിയാന്റെ അവകാശങ്ങള്‍ പൈതൃകമായി കൈമാറുകയോ വില്‍ക്കുകയോ ചെയ്യാവുന്നതാണ്.
അഞ്ച് ഏക്കറില്‍ താഴെ കൈവശമുള്ള കുടിയാന്മാരെ സംബന്ധിച്ചിടത്തോളം, ഒരു വര്‍ഷത്തെ പാട്ടം കൊടുക്കുകയാണെങ്കില്‍ 1951 ഏപ്രില്‍ 11വരെക്ക് കുടിയാന്‍ ജന്മിക്ക് കൊടുക്കാനുള്ള പാട്ടക്കുടിശ്ശിക മുഴുവനും, അത് കോടതി വിധിപ്രകാരമോ ട്രിബ്യൂണലിന്റെ വിധിപ്രകാരമോ നിശ്ചയിച്ചതായാലും, തീര്‍ന്നതായി കണക്കാക്കുന്നതാണ്. 5നും 15 നും ഏക്കറിനുള്ളില്‍ ഭൂമിയുള്ള പാട്ടക്കാര്‍ 3 വര്‍ഷത്തെ പാട്ടം കൊടുക്കണം. അതില്‍ കൂടുതലുള്ളവര്‍ 6 വര്‍ഷത്തെ പാട്ടമൊടുക്കണം. സ്വന്തമായോ പാട്ടത്തിനോ പരിധിയില്‍ കവിഞ്ഞ ഭൂമിയുള്ള കുടിയാന്മാര്‍ക്ക് ഈ ഇളവ് അനുവദനീയമല്ല. ഇവിടെ പറഞ്ഞ പ്രകാരമുള്ള പാട്ടം കോടതിയില്‍ കെട്ടിവെച്ചാല്‍ കുടിയൊഴിപ്പിക്കാനുള്ള കോടതി വിധിപോലും അസാധുവായിത്തീരും.
നഷ്ടപരിഹാരം നല്‍കി ജന്മിത്തം പാടെ അവസാനിപ്പിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. അതുപ്രകാരം ഒരു ദിവസത്തെ കാര്‍ഷികദിനമായി പ്രഖ്യാപിക്കുന്നതാണ്. അന്നുമുതല്‍ എല്ലാ സ്ഥിരം കുടിയാന്മാരും തങ്ങള്‍ കൃഷി ചെയ്യുന്ന ഭൂമി ജന്മിയില്‍ നിന്ന് വാങ്ങിയിരിക്കുന്നതായി കണക്കാക്കും. യാതൊരു ബാധ്യതകളും അതിന്റെ മേല്‍ ഉണ്ടായിരിക്കുന്നതല്ല. നിശ്ചിതപരിധിയില്‍ കുറവ് ഭൂമി മാത്രമേ ഇങ്ങനെ വാങ്ങാന്‍ അവകാശമുള്ളു. ഇങ്ങനെ ഭൂമി വാങ്ങാനുള്ള അവകാശങ്ങള്‍ ഗവണ്മെന്റ് നിശ്ചയിക്കുന്ന ലാന്റ് ട്രിബ്യൂണലിന്റെ പരിധിയിലായിരിക്കും.
വാര്‍ഷിക മര്യാദപ്പാട്ടത്തിന്റെ 16 മടങ്ങ് കൊടുത്ത് കുടിയാന് ഭൂമി സ്വന്തമാക്കാം. അതിനുപുറമേ ജന്മി നിര്‍മിച്ചിട്ടുള്ള കെട്ടിടങ്ങള്‍, കിണറുകള്‍, കെട്ടുകള്‍ മുതലായവയുടെ വിലയും നല്‍കണം. മൊത്തം വില 16 വാര്‍ഷിക ഗഡുക്കളായി നല്‍കാവുന്നതാണ്. ഒറ്റയടിക്ക് മുഴുവന്‍ തുകയും കൊടുക്കുകയാണെങ്കില്‍ 12 മാസത്തെ പാട്ടം നല്‍കിയാല്‍ മതിയാകും.
ലാന്‍ഡ് ട്രിബ്യൂണല്‍ നിശ്ചയിക്കുന്ന വിലയില്‍ പരാതിയുള്ളവര്‍ക്ക് ലാന്റ് ബോര്‍ഡിന് അപ്പീല്‍ നല്‍കാവുന്നതാണ്. ലാന്‍ഡ്ബോര്‍ഡിന്റെ തീര്‍പ്പ് അന്തിമമായിരിക്കും. കുയിയാന്മാര്‍ക്ക് ഈ വില ഗഡുക്കളായോ, ഒരുമിച്ചോ ലാന്‍ഡ് ട്രിബ്യൂണലില്‍ നിക്ഷേപിക്കാവുന്നതാണ്. മൊത്തം പണമോ, അവസാനത്തെ ഗഡുവോ കിട്ടുന്ന മുറയ്‌ക്ക് ലാന്‍ഡ് ബോര്‍ഡ് കുടിയാന് ഭൂമി വാങ്ങിയതിനുള്ള ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതായിരിക്കും. അംഗീകരിച്ച വില നിക്ഷേപിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ വാങ്ങല്‍ അസാധുവായി തീരുന്നതാണ്.
തങ്ങളുടെ അവകാശങ്ങള്‍ നഷ്‌ടമാകുന്നതിന് ജന്മിക്ക് നഷ്‌ടപരിഹാരത്തിന് അവകാശമുണ്ടായിരിക്കും. ആദ്യത്തെ 5 ഏക്കറിന് 16 വര്‍ഷത്തെ മര്യാദപ്പാട്ടമായിരിക്കും ഈ നഷ്ടപരിഹാരത്തുക; അടുത്ത 5 ഏക്കറിന് 14 മടങ്ങ്; അടുത്ത ഓരോ 5 ഏക്കറിന് 12,10 എന്നീ തോതുകളില്‍. അടുത്ത 30 ഏക്കറിന് 8 മടങ്ങും പിന്നീടുള്ള 50ഏക്കറിന് 6മടങ്ങും 100 ഏക്കറിന് മേല്‍ 5 മടങ്ങും. നഷ്ടപരിഹാരത്തുക പണമായോ കൈമാറാന്‍ പറ്റാത്ത ബോണ്ടായോ(പലിശ മൂന്നു ശതമാനം)നല്‍കുന്നതായിരിക്കും.
മതസ്ഥാപനങ്ങളോ,ധര്‍മസ്ഥാപനങ്ങളോ ട്രസ്റ്റുകളോ പാട്ടത്തിനോ മറ്റു വിധത്തിലോ നല്‍കിയിട്ടുള്ള ഭൂമിയുടെ ഉടമസ്ഥാവകാശം വാങ്ങുന്നതിന്, അതില്‍ നിന്നുള്ള വരുമാനം മുഴുവന്‍ ആ സ്ഥാപനത്തിന്റെ ലക്ഷ്യങ്ങള്‍ക്കായാണ് വിനിയോഗിക്കുന്നതെങ്കില്‍, മേല്‍കൊടുത്ത വകുപ്പുകള്‍ ഉപയോഗിക്കാന്‍ പറ്റുന്നതല്ല.
ജന്മിമാരുടെ കീഴിലുള്ള ഇടനിലക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ കൃഷി ചെയ്യുന്ന കുടിയാന്മാര്‍ക്ക് കൈമാറാന്‍ ബാധ്യസ്ഥരാണ്.
കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരിധിയും നിശ്ചയിച്ചിട്ടുണ്ട്. 15 ഏക്കര്‍ ഇരുപ്പുനിലമോ അതിന് തുല്യമോ, അതായത് 22 1/2 ഏക്കര്‍ ഒരുപ്പുനിലം അഥവാ 15 ഏക്കര്‍ തോപ്പ്, അഥവാ 30 ഏക്കര്‍ മൊട്ടപ്പറമ്പ്. അതില്‍ കൂടുതലുള്ള ഭൂമി ലാന്‍ഡ് ബോര്‍ഡിന് നല്‍കണം. അങ്ങനെ നല്‍കുന്ന ഭൂമിക്ക് കുടിയാന്മാര്‍ നല്‍കുന്ന അതേ നിരക്കില്‍ വില കിട്ടാന്‍ അവകാശമുണ്ട്.
അഞ്ചില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് 15 ഏക്കറിനുപുറമേ അഞ്ചില്‍ കൂടുതലുള്ള ഓരോ അംഗത്തിനും ഒരേക്കര്‍ ഭൂമി കൂടി കൈവശം വയ്‌ക്കാം. എന്നാലും ഒരു കുടുംബത്തിനും 25 ഏക്കര്‍ ഇരുപ്പുനിലത്തില്‍ അധികം കൈവശം വയ്‌ക്കാന്‍ അവകാശമില്ല.
എന്നാല്‍,സര്‍ക്കാര്‍ വക ഭൂമികള്‍ക്കും പൊതുവായ മത-ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും മില്ലുകള്‍, ഫാക്‌ടറികള്‍, വര്‍ക്ക്ഷാപ്പുകള്‍ മുതലായവയുമായി ബന്ധപ്പെട്ട ഭൂമിക്കും ഈ പരിധി ബാധകമല്ല. മറ്‌റു ഏതെങ്കിലും വിഭാഗത്തില്‍ പെട്ട ഭൂമിയേയും ആവശ്യമാണെന്ന് തോന്നുകയാണെങ്കില്‍ പരിധി നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്.
ഒരു ഭൂമിയും ഇല്ലാത്തവര്‍ക്കും നിശ്ചയിച്ച പരിധിയേക്കാള്‍ കുറവ് ഭൂമിയുള്ളവര്‍ക്കും ഭൂമി പതിച്ചു കിട്ടാനായി ലാന്‍ഡ് ബോര്‍ഡിന് അപേക്ഷ നല്‍കാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന മുന്‍ഗണനാക്രമം അനുസരിച്ച് ലാന്‍ഡ് ബോര്‍ഡ് അവര്‍ക്ക് ഭൂമി പതിച്ചുനല്‍കുന്നതാണ്.
(i) കുടിയൊഴിപ്പിക്കപ്പെട്ട കൃഷിക്കാര്‍
(ii) ഭൂനിയമപ്രകാരം ഭൂമി നഷ്ടപ്പെടുകയും കൈവശമായി 3 ഏക്കര്‍ കുറവ്മാത്രം ഭൂമിയുള്ളവരുമായ ജന്മികള്‍.
(iii) ഭൂരഹിത കര്‍ഷകത്തൊഴിലാളികളുടെ സഹകരണ സംഘങ്ങള്‍
(iv) കര്‍ഷകത്തൊഴിലാളികള്‍
(v) തൊട്ടടുത്തുള്ള കൃഷിക്കാര്‍
ഭൂമി പതിച്ചു കൊടുക്കല്‍ ആക്‌ടിന്റെ കീഴില്‍ ഇന്നു നിലവിലുള്ള വകുപ്പുകള്‍ ഇതിനും ബാധകമായിരിക്കും. വിട്ടുകിട്ടിയ ഭൂമി പതിച്ചുകൊടുക്കുന്നതുവരെ കൈകാര്യം ചെയ്യാന്‍ ലാന്‍ഡ് ബോര്‍ഡിന് അധികാരമുണ്ട്.
കുടില്‍ കെട്ടി താമസിക്കുന്നവര്‍ക്ക് ബില്‍ പരിപൂര്‍ണ സംരക്ഷണം നല്‍കുന്നു. അതേ ഗ്രാമത്തില്‍ തന്നെ വീട് വയ്‌ക്കാനൊരിടവും വീട് കെട്ടാന്‍ വേണ്ട പണവും നല്‍കാതെ അവരെ ഒഴിപ്പിക്കാന്‍ പാടുള്ളതല്ല.
നിയമത്തിലെ വകുപ്പുകളെ മറികടക്കാനുള്ള ശ്രമങ്ങള്‍ തടയാനായി ഒന്നു കൂടി ചെയ്തു: 1957 ഡിസംബര്‍ 18നു ശേഷം പരിധിയില്‍ കവിഞ്ഞ് ഭൂമിയുള്ളവര്‍ നടത്തുന്ന ഇഷ്ടദാനം, വില്‍പന മുതലായവ മുഴുവന്‍ അസാധുവായിരിക്കുമെന്ന് പ്രഖ്യാപിച്ചു. അതുപോലെ 1957ഏപ്രില്‍ 11നോ അതിനുശേഷമോ പരിധിക്കപ്പുറം ഭൂമിയുണ്ടായിരുന്നവര്‍ നടത്തിയ വില്‍പ്പനയല്ലാത്ത ഭൂമികൈമാറ്റങ്ങളേയും അസാധുവായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം പാസ്സാക്കിയ സമയത്ത് നിലവിലുണ്ടായിരുന്ന അവസ്ഥ അതേപടി നിലനിര്‍ത്തണമെന്നു നിബന്ധനപ്പെടുത്തി.
ബില്ലിനെക്കുറിച്ച് അസംബ്ലിയില്‍ നടന്ന ഡിബേറ്റില്‍ പി.എസ്.പി.അംഗങ്ങള്‍ വ്യത്യസ്ത നിലപാടുകളാണ് എടുത്തത്. ചന്ദ്രശേഖരന്‍ ബില്ലില്‍ ‘പുരോഗമനാത്മകവും വിപ്ലവകരവും’ ആയി ഒന്നുമില്ല എന്നു മാത്രമല്ല മലബാര്‍ കുടിയായ്‌മ നിയമത്തില്‍ നിന്നുള്ള ഒരു തിരിച്ചുപോക്കുകൂടി ആണെന്നു വാദിച്ചു. അതേസമയം പി.എസ്.പിയിലെ തന്നെ പി.ആര്‍.കുറുപ്പും സി.ജി.ജനാര്‍ദ്ദനനും ബില്ലിനെ സ്വാഗതം ചെയ്‌തു. കോണ്‍ഗ്രസിലെ പ്രധാന നേതാക്കളോന്നും തന്നെ ഡിബേറ്റില്‍ പങ്കെടുത്തില്ല. നേതാവായ പി.ടി.ചാക്കൊ അസംബ്ലിയില്‍ വന്നേ ഇല്ല. കോണ്‍ഗ്രസിന്റെ നിലപാട് അഴകൊഴമ്പനും പരസ്പരവിരുദ്ധവും ആയിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളുടെ സ്വാധീനവും ഇടപെടലും കാണാമായിരുന്നു. ബില്‍ പ്രസിദ്ധീകരിച്ച് വളരെക്കാലം കഴിഞ്ഞിട്ടും കോണ്‍ഗ്രസിന്റെ ആധികാരികമായ ഒരു പ്രതികരണവും ഉണ്ടായില്ല. ഒരാഴ്‌ചയ്‌ക്കകം എന്തു നിലപാടെടുക്കണമെന്ന് റിപ്പോര്‍ട്ട് ചെയ്യാനായി മുന്‍ മുഖ്യമന്ത്രി പനമ്പിള്ളി കണ്‍വീനറായി ഒരു കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്ന് പത്രങ്ങളില്‍ വാര്‍ത്ത വരികയുണ്ടായി. പക്ഷെ പിന്നീട് അതിനെക്കുറിച്ചൊന്നും കേള്‍ക്കുകയുണ്ടായില്ല. എന്നാല്‍, അവസാനം അവര്‍ ഒരു മെമ്മോറാണ്ടം നല്‍കുകയുണ്ടായി. അതില്‍, കോണ്‍ഗ്രസ് ബില്ലിന്റെ പൊതുസമീപനത്തെ അംഗീകരിക്കുകയാണുണ്ടായത്. കാരണം അത് പ്ലാനിങ് കമ്മീഷന്റെ ഭൂപരിഷ്കരണ കമ്മിറ്റിയുടെ ശിപാര്‍ശക്ക് അനുസൃതമായിരുന്നു. സ്വാതന്ത്ര്യാനന്തര വര്‍ഷങ്ങളില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച നയങ്ങള്‍ നടപ്പില്‍ കൊണ്ടുവരിക മാത്രമാണ് ബില്‍ ചെയ്‌തത്.
എന്നാല്‍, കോണ്‍ഗ്രസ് മെമ്മോറാണ്ടത്തില്‍ ചില ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. കര്‍ഷകര്‍ക്ക് ലഭിക്കുമായിരുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കുന്നവയായിരുന്നു അവയെന്നു മാത്രം. ഉദാഹരണത്തിന് പരിധി നിര്‍ണയം കൊണ്ട് ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മിച്ചഭൂമി തങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കൈകാര്യം ചെയ്യാനായി ഒരു വര്‍ഷത്തെ സാവകാശം നല്‍കണം എന്നായിരുന്നു ഒന്ന്. അത് മാത്രം പോരാ, കമ്പോള നിരക്കില്‍ നഷ്‌ടപരിഹാരം നല്‍കണമെന്നും. അതുപോലെ ‘ചെറകിട’ക്കാരന്‍ ആരാണെന്ന് നിര്‍വചിക്കാതെ, അവര്‍ക്ക്(ചെറുകിടക്കാര്‍ക്ക്) കുടിയാന്റെ കൈവശമുള്ള ഭൂമിയുടെ പകുതി സ്വന്തം കൃഷിക്കായി തിരിച്ചെടുക്കാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടു. പരിധിയെത്തുന്നതിനാവശ്യമായത്ര ഭൂമി തിരിച്ചെടുക്കാന്‍ കഴിയണമെന്നുവരെ അവര്‍ വാദിച്ചു.
കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എത്ര വ്യക്തവും അസന്ദിഗ്‌ദ്ധവുമായാണ് ഭൂപ്രശ്നത്തെ സമീപിച്ചതെന്നതിനെ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസുകാരുടെ സമീപനവുമായി തട്ടിച്ചുനോക്കേണ്ടതാണ്. കോണ്‍ഗ്രസ് ഗവണ്മെന്റുുകള്‍ ഭൂപരിഷ്കരണ നടപടികള്‍ നടപ്പാക്കാതെ ഇട്ടു നീട്ടുന്നതിനെപ്പറ്റി പ്രധാനമന്ത്രി നെഹ്രുവും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും പലവുരു പരാതിപ്പെട്ടിട്ടുണ്ട്. “സ്വാതന്ത്ര്യത്തിനുശേഷമുള്ള ഭൂപരിഷ്കരണത്തിന്റെ പുരോഗതി വളരെ പതുക്കെ ആയിരുന്നു. ഭരണപരമായ ദൌര്‍ബല്യങ്ങള്‍ കാരണം കുടിയൊഴിപ്പിക്കല്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കയാണ്” എന്ന് തികഞ്ഞ സത്യസന്ധതയോടെ 1957 ആഗസ്റ്റ് 30ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി തുറന്നുപറയുകയുണ്ടായി. (സ്റ്റേറ്റ്‌സ്‌മാന്‍,ന്യൂദെല്‍ഹി,1957 ആഗസ്റ്റ് 31).പ്രാഗ്‌ജ്യോതിഷ്‌പൂരില്‍(ഗുവാഹത്തി) നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഭൂപരിഷ്കരണത്തിന് മുന്‍ഗണന നല്‍കേണ്ടതിന്റെ പ്രാധാന്യം വീണ്ടും ഊന്നിപ്പറഞ്ഞു. അതിനുണ്ടാകുന്ന കാലവിളംബത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.
പക്ഷെ, അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. 1958 ഏപ്രിലില്‍ ഭൂപരിഷ്കരണത്തെപ്പറ്റി പ്ലാനിങ് കമ്മീഷന്‍ നടത്തിയ റവ്യൂ അതിന്റെ ദയനീയാവസ്ഥ വിളിച്ചോതി. ആ റിപ്പോര്‍ട്ടനുസരിച്ച് (ഇന്ത്യന്‍ എക്‌സ്‌പ്രസ്,ഏപ്രില്‍ 23,1958) ഇടനിലക്കാരെ ഒഴിവാക്കുക മാത്രമേ അതേവരെ ചെയ്തിട്ടുള്ളു. 82 കോടി രൂപ അതേവരെയായി നഷ്ടപരിഹാരമായും പുനരധിവാസത്തിനുവേണ്ടിയും ചെലവാക്കിയിട്ടുണ്ട്. മൊത്തം പ്രതീക്ഷിക്കുന്ന ചെലവ് 614 കോടി രൂപയാണ്. മര്യാദപ്പാട്ടത്തിന്റെ കാര്യത്തില്‍, ബോംബെയും രാജസ്ഥാനും മാത്രമേ ആറിലൊന്നായി പാട്ടം കുറച്ചിട്ടുള്ളു. മൊത്തം ഉല്‍പ്പന്നത്തിന്റെ നാലിലൊന്നും അഞ്ചിലൊന്നും ആയി പാട്ടം കുറയ്‌ക്കണം എന്നാണ് പ്ലാനിങ് കമ്മീഷന്‍ ശിപാര്‍ശ ചെയ്‌തിരുന്നത് എന്ന് ഓര്‍ക്കുക. മറ്റു സംസ്ഥാനങ്ങളില്‍ പാട്ടനിരക്ക് ഉയര്‍ന്നുതന്നെ തുടര്‍ന്നു. ഉദാഹരണത്തിന് പശ്ചിമബംഗാളില്‍ ചിലയിടങ്ങളില്‍ അത് 90 ശതമാനം വരെ വരുന്നതാണ്.
കുടിയായ്‌മ സ്ഥിരതയുടെ കാര്യത്തില്‍ ഉത്തരപ്രദേശിലും ഡല്‍ഹിയിലും മാത്രമാണ് കുടിയാന്മാര്‍ക്കും കീഴ് കുടിയാന്മാര്ക്കും പൂര്‍ണമായ സംരക്ഷണം കിട്ടിയിരുന്നത്. ആന്ധ്ര, മദ്രാസ്, ഒറീസ്സ, മണിപ്പൂര്‍, മധ്യപ്രദേശ് മുതലായ സംസ്ഥാനങ്ങളില്‍ ഇടക്കാല സംരക്ഷണം നല്‍കുന്ന നിയമങ്ങള്‍ മാത്രമേ പാസ്സാക്കിയിരുന്നുള്ളു. മദിരാശിയിലും മൈസൂരിലും ജന്മിമാര്‍ക്ക് ഭൂമി തിരിച്ചെടുക്കാനുള്ള അവകാശം പോലും ഉണ്ടായിരുന്നു. കൈവശഭൂമിയുടെ പരിധിയുടെ കാര്യത്തിലാണ് ഏറ്റവും മോശമായ അവസ്ഥ നിലനില്‍ക്കുന്നത്. ഒരു സംസ്ഥാനവും ഭൂമിക്ക് പരിധി നിര്‍ണയിക്കുന്ന നിയമം പാസ്സാക്കിയിരുന്നില്ല. ഭാവിയില്‍ വാങ്ങുന്ന ഭൂമിക്ക് മാത്രം ആസ്സാം, ബോംബെ, മധ്യപ്രദേശ്, ഉത്തരപ്രദേശ്, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ പരിധി നിശ്ചയിച്ചിട്ടുണ്ട്.
മദ്രാസ് റവന്യൂ മന്ത്രി എം.എ.മാണിക്കവേലു 1958 ഏപ്രല്‍ 1ന് സംസ്ഥാന അസംബ്ലിയില്‍ പറയുകയുണ്ടായി “ഭൂമിക്കു പരിധി നിര്‍ണയിക്കുകയെന്നത് അടുത്തൊന്നും നടക്കുന്ന കാര്യമല്ല.” ആന്ധ്ര മുഖ്യമന്ത്രി എന്‍.സഞ്‌ജീവറെഡ്ഡി, നിര്‍ദിഷ്ട ഭൂനിയമം വളരെ മിതമായതാണെന്നും ആരെയും ഗൌരവമായി ബാധിക്കുന്നതല്ലെന്നും പത്രക്കാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതില്‍ അത്ഭുതമില്ല.(ടൈംസ് ഓഫ് ഇന്ത്യ മെയ് 3,1958)
കൈവശഭൂമിക്ക് പരിധി നിര്‍ണയിക്കുന്നതിനെ കോണ്‍ഗ്രസുകാര്‍ തുറന്നെതിര്‍ത്തിരുന്നു. ദിനപ്പത്രങ്ങളില്‍ അവരുടെ പ്രസ്താവനകള്‍ സുലഭമായി കാണാവുന്നതാണ്. ഉദാഹരണത്തിന് മൈസൂര്‍ സംസ്ഥാനത്തിലെ കുടിയായ്‌മ-കൃഷിഭൂമി നിയമത്തിനായുള്ള ജെട്ടി കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ട് അസംബ്ലിയില്‍ ചര്‍ച്ചയ്‌ക്കായി അവതരിപ്പിച്ചപ്പോള്‍, ഒന്നിനു പുറകെ ഒന്നായി കോണ്‍ഗ്രസുകാര്‍ ഭൂമിക്ക് പരിധി നിര്‍ണയിക്കുന്നതിനെ എതിര്‍ത്തു സംസാരിച്ചു. ‘കൃഷിഭൂമി കര്‍ഷകന്’ എന്ന മുദ്രാവാക്യം അപ്രായോഗികവും അര്‍ഥശൂന്യവും ആണെന്ന് നാഗരത്തമ്മ വാദിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ജി.ശിവപ്പ,ഡോ.കെ.നാഗപ്പ ആള്‍വ തുടങ്ങി ഒട്ടേറെ പേര്‍ ഭൂമിക്ക് പരിധി നിര്‍ണയിക്കണമെന്ന നിര്‍ദേശത്തെ നഖശിഖാന്തം എതിര്‍ക്കുകയുണ്ടായി.(ഹിന്ദു മാര്‍ച്ച്27,28,1958). ഒറീസ്സ ഗവണ്മെന്റിന്റെ ഭൂപരിഷ്കരണ കമ്മിറ്റിയിലുണ്ടായിരുന്ന കോണ്‍ഗ്രസുകാര്‍ക്കും പരിധിയുടെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. മൌനം പാലിക്കുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.(ഇന്ത്യന്‍ എക്‌സ്‌പ്രസ്,ഏപ്രില്‍ 20,1958). ജയ്‌പ്പൂരില്‍ നിന്നുള്ള ഒരു റിപ്പോര്‍ട്ട് പ്രകാരം രാജസ്ഥാനില്‍ കൈവശഭൂമിക്ക് പരിധി നിശ്ചയിക്കുന്നതിന്റെ കാര്യത്തില്‍ അസംബ്ലി അംഗങ്ങളുടെ ഇടയില്‍ കടുത്ത അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. പരിധി നിര്‍ണയ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ചര്‍ച്ചക്കു വന്നപ്പോള്‍ ഭരണകക്ഷിയിലെ അംഗങ്ങള്‍ തന്നെ പരസ്പരപിരുദ്ധ നിലപാടുകളാണ് എടുത്തത്.(ടൈംസ് ഓഫ് ഇന്ത്യ,ഏപ്രില്‍26,1958).
തീരുമാനങ്ങളെടുക്കാതെ സംഗതികള്‍ വലിച്ചുനീട്ടുന്ന ദയനീയമായ അവസ്ഥ ഒരു വശത്ത്. മറുവശത്തോ, മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ ഉണര്‍വേകുന്ന സമീപനം. കഴിഞ്ഞ ഡിസംബറില്‍ കാര്‍ഷിക ബന്ധ ബില്ലിനെക്കുറിച്ച് അസംബ്ലിയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: “ഈ ബില്‍ വിപ്ലവാത്മകമാണോ അതോ പുരോഗമനാത്മകം മാത്രമാണോ എന്ന് വിലയിരുത്താനുള്ള ലക്ഷ്യത്തോടെ അതിനെ കാണരുത്. രാജ്യത്ത് നിലനില്‍ക്കുന്ന വസ്‌തുനിഷ്ഠ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രശ്നത്തെ പ്രായോഗികമായി നേരിടുന്ന ഈ ബില്ല് ഭൂപരിഷ്കരണത്തിന്റെ അവസാന വാക്കല്ല.” ഇ.എം.എസ്. തുടര്‍ന്നു: “നമ്മുടെ നാട്ടിലെ കാര്‍ഷിക ബന്ധങ്ങളില്‍ ഒട്ടനവധി സാമൂഹിക സാമ്പത്തിക ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എല്ലായിടത്തും അതിന്റെ ആഘാതം കാണാം. പുതിയ പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കയാണ്.”. അതിനാല്‍ ഇപ്പോള്‍ കൊണ്ടുവന്ന ബില്ല് ഈ വിഷയത്തില്‍ അവസാന വാക്കല്ല. ആകാനും പാടില്ല.
കേരളം രാഷ്ട്രത്തിനുള്ള ഒരു റിപ്പോര്‍ട്ട്
-എച്ച്.ഡി.മാളവീയ
ആമുഖം
അദ്ധ്യായം 1: കേരളം സ്വാതന്ത്ര്യത്തിന് ശേഷം
അദ്ധ്യായം 2: കോണ്‍ഗ്രസ് കവചത്തില്‍ ദ്വാരങ്ങള്‍
അദ്ധ്യായം 3: കമ്മ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍
അദ്ധ്യായം 4: വിദ്യാഭ്യാസനയവും നേട്ടങ്ങളും-1
അദ്ധ്യായം 5: തൊഴില്‍ നയവും നേട്ടങ്ങളും
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 1
അദ്ധ്യായം 6: അരക്ഷിതാവസ്ഥ: മുഴുവന്‍ കഥ – ഭാഗം 2
അദ്ധ്യായം 7: ഭൂസമരവും കമ്മ്യൂണിസ്റ്റ് അക്രമണവും
അദ്ധ്യായം 8: ജലസേചന-വൈദ്യുതി മേഖലകളിലെ വികാസം
പ്രസാധകര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. 2007
Type setting: RSP