സ്ത്രീകള്‍ക്ക് അന്തസില്ലാത്ത സമൂഹത്തില്‍ സ്ത്രീകള്‍ അവഹേളിക്കപ്പെടും

സ്ത്രീകള്‍ക്കെതിരായ അവഹേളനങ്ങളും അക്രമങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത് നമ്മുടെ നാട്ടില്‍ മാത്രമുള്ള ഒരു കാര്യമല്ല. സമ്പന്ന പടിഞ്ഞാറന്‍ രാജ്യങ്ങളുള്‍പ്പടെ ലോകം മുഴുവന്‍ അതാണ് അവസ്ഥ. അതിനൊരു മാറ്റം കൊണ്ടുവരാനായി എല്ലാവരും പരിശ്രമിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നാള്‍ക്ക് നാള്‍ അക്രമം കൂടിവരികയാണ്. അതുകൊണ്ട് എത്രയും വേഗം നമ്മുടെ മാറ്റത്തിനായ പ്രവര്‍ത്തികളെ വിമര്‍ശനബുദ്ധിയോട് കൂടി കാണണമെന്നാണ് എന്റെ അഭിപ്രായം. യഥാര്‍ത്ഥ പ്രശ്നത്തെ കാണാതെ നിഴലുകള്‍ക്കെതിരെ യുദ്ധം നടത്തുന്നതാണ് ഫലം ഒന്നും വരാത്തതിന്റെ കാരണം.

അന്തസ് എന്നത് ഒരു പൊതുബോധമാണ്. അത് നിര്‍മ്മിക്കുന്നത് സിനിമയും സീരിയലും ഉള്‍പ്പടെയുള്ള മാധ്യമങ്ങളും.

സമൂഹത്തില്‍ പ്രചരിക്കുന്ന ആശയങ്ങളാണ് ആ സമൂഹത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കുന്നത്. അതായത് സ്ത്രീകളെ കുറിച്ച് തെറ്റായ ആശയങ്ങളാണ് സമൂഹത്തില്‍ പ്രചരിക്കുന്നത് എന്ന് സാരം. അത് സ്ത്രീകളുടെ അന്തസിനെ താഴ്ത്തിക്കെട്ടുന്നു. സമൂഹത്തില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് സിനിമ, സീരിയല്‍, പരസ്യം, വാര്‍ത്ത, സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ്. അവിടെയാണ് പ്രശ്നം കിടക്കുന്നത്. സിനിമക്കാര്‍ നിങ്ങളുടെ മൃഗമനസിന്റെ അടിസ്ഥാന വികാരങ്ങളെ ഇക്കിളിപ്പെടുത്തുന്നത് അവരുടെ ലാഭത്തിന് വേണ്ടി ആണ്. അത് സമൂഹത്തിന് ഒരു ഗുണവും ചെയ്യില്ല. ദോഷമേ ചെയ്യൂ. അത് കാണാതെ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും വെള്ളത്തിലെ വര പോലെയാണ്.

ഈ മാധ്യമങ്ങള്‍ സ്ത്രീകളെ ഒരു ലൈംഗിക ഉപഭോഗ വസ്തുവായാണ് അവതരിപ്പിക്കുന്നത്. രണ്ട് തരത്തില്‍ അവര്‍ അത് ചെയ്യുന്നുണ്ട്. ഒന്ന് ആഭാസനൃത്തവും മറ്റും നടത്തുന്ന ആഭാസ കഥാപാത്രങ്ങളാണ്. അവര്‍ നേരിട്ട് തന്നെ സ്ത്രീയെ ഒരു മാംസപിണ്ഡമായി അവതരിപ്പിക്കുന്നു. രണ്ടാമത്ത കൂട്ടം കുലസ്ത്രീ കഥാപാത്രമാണ്. അവര്‍ നേരിട്ട് ആഭാസത്തരം കാണിക്കുന്നില്ലെങ്കിലും പുരുഷന്റെ ഉടമസ്ഥതയിലുള്ള, അവന് വേണ്ടിയുള്ള ഒരു വസ്തുവായി തന്നെത്തന്നെ കാണുന്നവരായാണ് അവതരിപ്പിക്കുന്നത്. “ഞാന്‍ …. ന്റെ പെണ്ണാടാ” എന്നത് പോലുള്ള ഡയലോഗ് സിനിമ, സീരിയലിലെ സാധാരണ കാര്യമാണ്.

സ്ത്രീയുടെ വ്യക്തിത്വം എന്നത് പുരുഷന്റെ കാമുകിയോ, ഭാര്യയോ, … തുടങ്ങിയ ലൈംഗകയുടെ അടിസ്ഥാനത്തിലെ ഒരു ബന്ധത്താല്‍ നിര്‍വ്വചിക്കപ്പെട്ടവരായിരിക്കും. ഇത്തരം കോടിക്കണക്കിന് സീനികളാണ് നേരിട്ടും അല്ലാതെയും ആയി നിരന്തരം സമൂഹത്തില്‍ പ്രക്ഷേപണം ചെയ്യപ്പെടുന്നത്. എന്തിന് വെറും നിശ്ചലമായ ഒരു സിനിമ പോസ്റ്റര്‍ പോലും അത്തരം ബന്ധങ്ങളുടെ പ്രചരണമാണ് നടത്തുന്നത്.

ഇവര്‍ നടത്തുന്ന പ്രചാരവേല കാരണം, ഒരു സ്ത്രീയും പുരുഷനേയും പൊതു സ്ഥലത്ത് കണ്ടാല്‍ അവര്‍ക്ക് തമ്മില്‍ ലൈംഗികതയിലടിസ്ഥാമായ ഒരു ബന്ധമേയുള്ളു എന്ന് കാണുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. ഹാസ്യപരിപാടിയായാലും നൃത്തമായാലും, സീരിയലായാലും, സിനിമയായലും എല്ലാം ലൈംഗിതക്ക് പ്രാധാന്യം കൊടുക്കുന്നതാണ്. ലൈംഗികത കാരണമാണ് 90% പേരും കറുത്തവരായ നമ്മുടെ നാട്ടിലും നായികയും നായകനും വെളുത്തവനായാരിക്കുന്നത്. (വെളുത്ത നിറത്തോടുള്ള ഇഷ്ടം evolutionary biology കാരണമാണ്).

നിരന്തരം ആവര്‍ത്തിക്കപ്പെടുന്ന ഈ പ്രചാരവേല സമൂഹത്തില്‍ സ്ത്രീയുടെ സ്ഥിതിയെക്കുറിച്ച് ഒരു കാഴ്ചപ്പാട് സൃഷ്ടിക്കുന്നു. social norm ആയി അത് മാറുന്നു. അതിന്റെ അടിസ്ഥാനത്തില്‍ വേണം നാം സ്ത്രീകള്‍ക്കെതിരായ അക്രമത്തെ കാണാന്‍. അത് പുരുഷനെ മാത്രം ബാധിക്കുന്ന കാര്യമല്ല. സ്ത്രീക്ക് തന്നെക്കുറിച്ചുള്ള ബോധത്തേയും നിര്‍വ്വചിക്കുന്നത് അതാണ്. സ്ത്രീ എന്നാല്‍ കെട്ടി ഒരുങ്ങി നടക്കേണ്ട പൊട്ടികളായ കെട്ടുകാഴ്ചയാണെന്ന ബോധം അവളില്‍ അതുണ്ടാക്കും. നിങ്ങള്‍ തന്നെ നിങ്ങളെ ഒരു മാംസപിണ്ഡമായി അവതരിപ്പിക്കുകയാണെങ്കില്‍ പിന്നെ മറ്റാരെയെങ്കിലും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ‍? അതായത് നിങ്ങള്‍ തന്നെ നിങ്ങളെ ഒരു ഉപഭോഗവസ്തുവായി കാണുന്നു.

സിനിമ നടിയെക്കൊണ്ട് നിക്കറിടീപ്പിച്ച് ഫോട്ടോ എടുത്ത് സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്നത് എന്തോ മഹത്തായ പ്രവര്‍ത്തിയായി തോന്നിപ്പിക്കുന്നത് അതാണ്. സ്ത്രീകളെക്കുറിച്ച് തെറ്റായ ധാരണയാണ് അത്തരം മാംസപിണ്ഡങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്. കമ്പോള സ്വതന്ത്രചിന്താവാദം(ലിബറലിസം) ആണ് അവിടെ പ്രവര്‍ത്തിക്കുന്നത് അധികാരികള്‍ക്ക് അതൊരു ജനശ്രദ്ധാമാറ്റമാണ്, അതോടൊപ്പം നടി എന്ന ശരീരം വില്‍ക്കുന്നവര്‍ക്ക് സൌജന്യമായി കിട്ടുന്ന പരസ്യവും.

അറിവാണ് മനു‍ഷ്യസമൂഹത്തിന്റെ സമ്പത്ത്. അറിവുള്ളവരെ സമൂഹം ബഹുമാനിക്കും. അറിവ് അപകടകരവും ആണ്. അതിനാല്‍ അധികാരികള്‍ ജനം അറിവ് നേടുന്നതിനെ അപ്പോഴും തടയും. ഏകാധിപത്യ രാജ്യത്തില്‍ അത് നിരോധനമായിരിക്കും, ജനാധിപത്യ രാജ്യങ്ങളില്‍ അത് വിവരങ്ങളുടെ കുത്തൊഴുക്കുണ്ടാക്കി അറിവനെ മറച്ച് വെക്കുന്നതും ആയിരിക്കും. പ്രചാരവേലകള്‍ കാരണം സ്ത്രീകള്‍ സ്വന്തം ശരീരത്തില്‍ മാത്രം ശ്രദ്ധയുള്ളവരായി മാറുന്നു. അതിന് പകരം എല്ലാ അറിവും നേടണം. ഉദാഹരണത്തിന് കാലാവസ്ഥാമാറ്റത്തെക്കുറിച്ച് അറവുള്ളതും അത് തുറന്ന് സംസാരിക്കുകയും ചെയ്യുന്ന എത്ര സ്ത്രീകള്‍ ഉണ്ട്? അധികാരികള്‍ സ്ത്രീകള്‍ക്കായി ചില വിഷയങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. അത്തരം പൊട്ടക്കിണറ്റില്‍ കേമികളായി വിലസുകമാത്രമാണ് അറിവുള്ള സ്ത്രീകള്‍ പോലും. അത് മാറണം. എല്ലാ അറിവുകളണം നേടണം. അത് തുറന്ന് പറയുകയും ഭംഗിയുള്ള നിശ്ഛ ചിത്രങ്ങള്‍ക്ക് പകരം അത്തരം അറിവ് സമൂഹത്തില്‍ പ്രകടിപ്പിക്കുന്നത് വഴിയുണ്ടാകുന്ന ഒരു വ്യക്തിത്വവുമായി സ്ത്രീ മാറണം.

സ്ത്രീ ഒരു പൌരനാകാണ്. നിങ്ങള്‍ സ്ത്രീയാണോ പുരുഷനാണോ എന്നത് ഒരു സ്വകാര്യ പ്രശ്നമാണ്. പൊതു സമൂഹവും അതിലെ ഒരു വ്യക്തിയും നിങ്ങളുടെ gender തിരിച്ചറിയേണ്ട ആവശ്യം ഇല്ല. അത്തരം ഒരു അവസ്ഥയിലേക്ക് സ്ത്രീകള്‍ക്ക് ഉയരാന്‍ കഴിഞ്ഞാല്‍ സമൂഹത്തിന് അക്രമത്തിന്റെ കാര്യത്തിലെന്നല്ല എല്ലാ കാര്യത്തിലും വളരേറെ മെച്ചപ്പെട്ട മാറ്റങ്ങള്‍ നേടാന്‍ കഴിയും.

ശിക്ഷകൊടുത്ത് പരിഹരിക്കാവുന്നതല്ല സാമൂഹ്യ പ്രശ്നങ്ങള്‍. അതുപോലെ ലൈംഗിക വിദ്യാഭ്യാസം കൊടുത്താലും പരിഹരിക്കാനാവില്ല. നമ്മുടെ യുക്തിബോധമുള്ള മനസിനേക്കാള്‍ ശക്തമാണ് വൈകാരിക മനസ്. പരിശീലനത്തിലൂടെ മാത്രമേ വൈകാരിക മനസിന് മേലെ ശക്തമായ യുക്തി മനസിനെ നിര്‍മ്മിക്കാനാകൂ. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് വേണ്ട പോഷകാഹാരം കിട്ടാത്ത, മദ്യമോ, പുകയിലയോ ഉപയോഗിക്കുന്ന ഒരു തലച്ചോറ് ശാരീരകമായി തന്നെ തകര്‍ന്നതാവും. സ്കൂള്‍ വിദ്യാഭ്യാസം പോലും ദിവസം 5 മണിക്കൂറേ ഉണ്ടാകൂ. അതിന് പുറത്തുള്ള മുഴുവന്‍ സമയവും കഥാസൃഷ്ടികളായ സിനിമ, സീരിയല്‍ തുടങ്ങിയ വൈകാരിക പ്രചാരവേലകള്‍ മാത്രമാണ് തലച്ചോറിലേക്ക് എത്തുന്നത്.

അത് മാത്രമല്ല ക്ലാസെടുക്കുമ്പോള്‍ അദ്ധ്യാപകര്‍ കാര്യം വിശദീകരിക്കാനായി സിനിമ സീനുകള്‍ പോലും ചൂണ്ടിക്കാണിക്കുന്നുണ്ട്. യുക്തിവാദികള്‍ പോലും പ്രഭാഷണ സഹായത്തിന് സിനിമ സീനുകളാണ് ഉപയോഗിക്കുന്നത്. പിന്നെ വിശ്രമ സമയങ്ങളില്‍ മുഴുവനും സിനിമക്കഥകളും, നടീനടന്‍മാരുടെ വിശേഷങ്ങളും പങ്കുവെക്കുന്ന നിമിഷങ്ങളാണ്. കുട്ടികളുടെ കലാപരിപാടികള്‍ പൂര്‍ണ്ണമായും സിനിമ അനുകരണങ്ങളാണ്. സ്വാര്‍ത്ഥരായ വിവരദോഷികളായതിനാല്‍ മാധ്യമങ്ങള്‍ താരങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്ത് അഭിമുഖങ്ങളും വിവരങ്ങളും പ്രചരിപ്പിക്കുന്ന പരിപാടികള്‍ നിരന്തരം ചെയ്യുന്നു. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പോലും പ്രധാന ഉള്ളടക്കം സിനിമ-താര സംബന്ധിയായ കാര്യങ്ങളായിരിക്കും. ഇതെല്ലാം ഈ സാമൂഹ്യദ്രോഹികള്‍ക്ക് മാന്യതയുണ്ടാക്കിക്കൊടുക്കുന്നു. അങ്ങനെ മുഴുവനായും വൈകാരികതയില്‍ മുങ്ങിയ ഒരു ജീവിതമാണ് നമുക്കുള്ളത്.

നിങ്ങളുടെ വൈകാരികത കൊണ്ട് പരിഹരിക്കാവുന്നതല്ല ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങള്‍. അത് മാത്രമല്ല, നമുക്ക് മൂന്നരക്കോടി ആളുകളുണ്ട്. ഇവരെല്ലാം പല സാമൂഹ്യ, സാമ്പത്തിക, വിദ്യഭ്യാസ, ആരോഗ്യ, മാനസകാരോഗ്യ സ്ഥിതിയിലുള്ളവരാണ്. ഇവരിലേക്കെല്ലാം പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങളോട് എല്ലാവരും ഒരുപോലെ പ്രതികരിക്കുമെന്ന് കരുതുന്നത് കേവലവാദ വിഢിത്തമാണ്(1).

സ്ത്രീകളുടെ പ്രശ്നം 10000 വര്‍ഷങ്ങളായുള്ള വളരെ വലിയ ഒരു പ്രശ്നമാണ്. അതിന് അടിസ്ഥാനമായ മാറ്റമുണ്ടാക്കാന്‍ ചിലപ്പോള്‍ നൂറ്റാണ്ടുകളെടുക്കുന്ന വലിയ പദ്ധതികള്‍ വേണ്ടി വന്നേക്കും. എന്നാല്‍ നമുക്ക് അത്രയും കാലം കാത്തിരിക്കാന്‍ ആവില്ല. കുറഞ്ഞ പക്ഷം സമാധാനമുള്ള ഒരു ചുറ്റുപാടെങ്കിലും നിര്‍മ്മിച്ചെടുക്കാന്‍ കഴിയേണ്ടത് അത്യാവശ്യമായ കാര്യമാണ്. അതിന് ആദ്യം വേണ്ടത് സിനിമക്ക് നാം കൊടുക്കുന്ന അമിത പ്രാധാന്യം അവസാനിപ്പിക്കണം. സ്ത്രീകളുടെ അന്തസ് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യുക. അന്തസ് ആരും ചാര്‍ത്തിത്തരുന്ന പട്ടം അല്ല. അത് സ്വയം നിര്‍മ്മിച്ചെടുക്കേണ്ടതാണ്.

പ്രവര്‍ത്തികള്‍:

  • സ്ത്രീകളെ വിഗ്രഹമായി ഗ്ലാമറൈസ് ചെയ്ത് ചിത്രീകരിക്കുന്ന സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവക്ക് പണം നല്‍കാതിരിക്കുക.
  • ടെലിവിഷന്‍ സീരിയലുകളും ഹാസ്യ പരിപാടികളും വീട്ടില്‍ ആരും കാണാതിരിക്കുക. ഏറ്റവും ആഭാസത്തരമാണ് അവര്‍ പ്രചരിപ്പിക്കുന്നത്.
  • സിനിമകളേക്കുറിച്ചും താരങ്ങളേക്കുറിച്ചും സംസാരിക്കാതിരിക്കുക. അവര്‍ വെറും entertainers ആണ്. വേണമെങ്കില്‍ കാണുക, മിണ്ടാതിരിക്കുക. പകര്‍പ്പവകാശ കത്തിയാണ് അവരെ സമ്പന്നരാക്കുന്നത്.
  • സ്കൂളുകളില്‍ സിനിയേയും സിനിമക്കാരേയും അടുപ്പിക്കരുത്. തെമ്മാടികളാണ് അവര്‍. ഒരിക്കലും അവര്‍ക്ക് പ്രാധാന്യം കൊടുക്കരുത്. സിനിമ അടിസ്ഥാനമായ കലാപരിപാടികള്‍ക്ക് അവസരം കൊടുക്കരുത്. ക്ലാസെടുക്കുമ്പോള്‍ ഉദാഹരണമായി സിനിമ സീനുകളെക്കുറിച്ച് പറയരുത്. സത്യത്തില്‍ ഇന്‍ഡ്യയിലെ സിനിമകളെല്ലാം സഭ്യമായും അസഭ്യമായും ലൈംഗികതയില്‍ അടിസ്ഥാനമായ മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള സിനിമകളാണ്.
  • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന പരസ്യങ്ങള്‍ കാണിക്കുന്ന ചാനലുകളും ആ പരസ്യത്തിന്റെ ഉത്പങ്ങളും വാങ്ങാതിരിക്കുക.
  • വിശ്രമ സമയങ്ങളില്‍ കഴിയുന്നത്ര ഗൌരവമായ പഠനം എല്ലാ വിഷയങ്ങളിലും നടത്തുക. ശക്തമായ തലച്ചോറ് നിങ്ങള്‍ക്ക് സമാധാനം നല്‍കും.
  • വിനോദരംഗത്ത് പ്രവര്‍ത്തിക്കുന്നവുടെ വരുമാനത്തിന് 50% നികുതി ഈടാക്കുക.
  • ചാനലുകള്‍ക്ക് പണം ലഭിക്കുന്ന SMS വോട്ടിങ്ങില്‍ പങ്കെടുക്കാതിരിക്കുക.
  • പകര്‍പ്പവകാശ നിയമങ്ങള്‍ തള്ളിക്കളയുക. കോപ്പിചെയ്തും ടിവിയിലും വരുമ്പോഴേ സിനിമ കാണാവൂ.(ആര്‍ക്കെങ്കിലും നിങ്ങളെ വിനോദിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അവര്‍ അത് ചെയ്തോട്ടെ. പക്ഷേ അത് കോപ്പി ചെയ്യാനും വിതരണം ചെയ്യാനും നമുക്ക് അവകാശമുണ്ട്. അങ്ങനെ അവകാശം നല്‍കാത്തവ കഴിയുമെങ്കില്‍ ബഹിഷ്കരിക്കുക. സ്വതന്ത്രമാകുന്ന വിനോദം).
    അവക്ക് നഷ്ടം സംഭവിച്ചാല്‍ അതിന്റെ മുതലാളിമാര്‍ക്ക് സമൂഹം മൃഗമാകാനാഗ്രഹിക്കില്ലെന്ന് മനസിലാകുകയും അത്തരം സംരംഭങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും.
  • നികുതിദായകരുടെ പണം ഉപയോഗിച്ച് സിനിമാക്കാര്‍ക്ക് അവര്‍ഡുകള്‍ നല്‍കരുത്. ആര്‍ക്കെങ്കിലും ആരേയെങ്കിലും വിനോദിപ്പിക്കണമെന്നുള്ളത് ഒരു അവകാശമൊന്നുമല്ല. കൃഷിക്കാര്‍ പട്ടിണികിടന്ന് ചാവുന്ന നാട്ടില്‍ വിനോദക്കാരെ സംരക്ഷിക്കേണ്ട കാര്യമില്ല.
  • പ്രക്ഷേപണം ചെയ്യപ്പെടുന്നവ മനശാസ്ത്രജ്ഞരും സാമൂഹ്യ ശാസ്ത്രജ്ഞരും വിശകലനം ചെയ്ത് സമൂഹത്തിന് ദോഷമില്ലാത്തവമാത്രം പ്രക്ഷേപണം ചെയ്യണം. (ഇന്ന് ചാനല്‍ സീരിയലുകള്‍ ഒരു സെര്‍സര്‍ ബോര്‍ഡും കാണാതെയാണ് ആഭാസങ്ങള്‍ വിളമ്പുന്നത്.) പക്ഷേ ഇത് എത്ര പ്രായോഗികമാകും എന്ന് സംശയം ഉണ്ട്. സ്വയം നിയന്ത്രണമാണ് എളുപ്പം. അത് അവരേക്കൊണ്ട് ചെയ്യിപ്പിക്കാന്‍ നാം സിനിമക്കും-ചാനലിനും-പരസ്യത്തിനും പണം നല്‍കരുത്.
  • 3 വയസില്‍ താഴെയുള്ള കുട്ടികള്‍ ടെലിവിഷന്‍ കാണരുത്. ടെലിവിഷനില്ലാത്ത ആഴ്ച്ച എന്ന സമരത്തെക്കുറിച്ച് അറിയുക.
  • സ്ത്രീകളെ ഗ്ലാമറൈസ് ചെയ്യുന്ന Times of India പോലുള്ള പത്രങ്ങള്‍ വാങ്ങാതിരിക്കുക.
  • വികസനത്തിന്റെ പേരില്‍ ജനങ്ങളെ അവരുടെ ആവാസസ്ഥലത്തുനിന്ന് കുടിയിറക്കാതിരിക്കുക, കമ്പോളത്തെ ജനങ്ങള്‍ നിയന്ത്രിക്കുക,
  • ഉപഭോഗം കുറക്കുക, പ്രാദേശിക ഉത്പന്നങ്ങള്‍ വാങ്ങുക അവ സാധാരണക്കാര്‍ക്ക് ജീവിത സുരക്ഷ നല്‍കും. വലിയ ഷോപ്പിങ്ങ് മാളുകള്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുത്. അത്തരം കമ്പനികള്‍ ഇപ്പോള്‍ തന്നെ സമ്പന്നരാണ്. നാം അവരെ കൂടുതല്‍ സമ്പന്നരാക്കേണ്ട. പകരം ചെറിയ കടയില്‍ നിന്ന സാധനം വാങ്ങിയാല്‍ ആ കടക്കാരന്റെ കുടുംബത്തിനുണ്ടാകുന്ന വരുമാനം ചിലപ്പോള്‍ അയാളുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ സഹായിക്കും.
  • സാമ്പത്തികരംഗത്തിന്റെ ആധിപത്യം അവസാനിപ്പിക്കുക
  • ജനങ്ങളുടെ സുസ്ഥിരജീവിതത്തെ തകര്‍ത്തുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്കെതിരെ അണിചേരുക.

സ്ത്രീകള്‍ അവശ്യം ചെയ്യേണ്ടത്,

  • സ്വന്തം ശരീരത്തോടുള്ള അടിമത്തം സ്ത്രീകള്‍ ഉപേക്ഷിക്കുക. എങ്ങനെയിരിക്കുന്നോ അങ്ങനെ ഇരുന്നോട്ടെ. ശരീരത്തെ കൂടുതല്‍ ഗ്ലാമറൈസ് ചെയ്യാതിരിക്കുക. കാരണം അത് സ്വന്തം ശ്രദ്ധയേയാണ് മാറ്റുന്നത്.
  • എല്ലാ സ്ത്രീകളും രാഷ്ട്രീയം, ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, സാമ്പത്തികം തുടങ്ങി എല്ലാ മേഖലകളിലും അറിവ് നേടാനും ആ രംഗത്ത് തങ്ങളുടെ അഭിപ്രായം പറയാനും തുടങ്ങുക
  • സമ്പന്നയായ, സുന്ദരിയായ നായികമാര്‍-സെലിബ്രിറ്റികള്‍ തങ്ങളുടെ സുഹൃത്തല്ല എന്ന സാധാരണ സ്ത്രീകള്‍ തിരിച്ചറിയുക. അവരെ പൂജിക്കുന്നത് നിര്‍ത്തുക.
  • കമ്പോള ഫെമിനിസത്തിനപ്പുറം സ്ത്രീ സ്വാതന്ത്ര്യം എന്തെന്ന് തിരിച്ചറിയുക.

അനുബന്ധം:
1. എന്താണ് കേവലവാദം

***

ഈ വിഷയത്തെക്കുറിച്ച് ഈ സൈറ്റില്‍ ധാരാളം ലേഖനങ്ങളും, വാര്‍ത്തകളും, വീഡിയോകളും കൊടുത്തിട്ടുണ്ട് അവയില്‍ ചിലത് ചുവടെ കൊടുത്തിരിക്കുന്നു:

  1. സ്ത്രീകള്‍ക്കെതിരേയുള്ള അക്രമ​ണം സ്ത്രീ പ്രശ്നമാണോ
  2. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും
  3. സിനിമയും മൃഗീയതയും
  4. ബലാല്‍സംഗവും ഇന്‍ഡ്യയിലെ ഹിന്ദുത്വയുടെ വളര്‍ച്ചയും
  5. സദാചാരഗുണ്ടകള്‍ എങ്ങനെയുണ്ടാകുന്നു?
  6. സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം
  7. എന്തുകൊണ്ടാണ് കുട്ടികള്‍ മുതിര്‍ന്നവരാല്‍ ആക്രമിക്കപ്പെടുന്നത്
  8. കുറ്റവാളികളെ എങ്ങനെ ശിക്ഷിക്കണം
  9. കമ്പോള സ്ത്രീ വിമോചന വാദം

എല്ലാ ലേഖനങ്ങളും കാണാന്‍ ഈ വിഭാഗംസന്ദര്‍ശിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

To read post in English:
in the URL, after neritam. append wordpress. and then press enter key.

എറണാകുളം വൈറ്റില ഹബിന് സമീപത്ത് നിന്ന് സ്‌കൂട്ടറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ വിദ്യാര്‍ഥിയാണ് അപർണ
ചേച്ചീടെ മാറിടത്തില്‍ പിടിച്ചോട്ടെയെന്ന കുട്ടിയുടെ ചോദ്യം.

ഒരു അഭിപ്രായം ഇടൂ